കുളത്തിന്റെ മദ്ധ്യത്തിലൂടെ നേരെ ഓടിച്ചുപോകാൻ ഗൂഗിൾ മാപ്പ്; പോയിരുന്നെങ്കിൽ കാണാമായിരുന്നെന്ന് യുവാവ്- വീഡിയോ
പട്ടാപ്പകൽ നന്നായിട്ട് കാണാവുന്ന സമയത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും അല്ലെങ്കിൽ വലിയ ദുരന്തമായി മാറിയേനെ എന്നും ആളുകൾ പറയുന്നു.

ദില്ലി: വഴി ചോദിക്കാതെയും ഭാഷ അറിയാതെയും എവിടെയും പോകാനുള്ള ധൈര്യം നൽകിയ നാവിഗേഷൻ ആപ്പുകൾ പണി തരുന്നതിന്റെ വാർത്തകൾ അടുത്തിടെ അടിക്കടി കേൾക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും മാപ്പ് ഉപയോഗിക്കുന്നവർ നൽകുന്ന തെറ്റായ വിവരങ്ങൾ തന്നെ പിന്നീട് അതുവഴി യാത്ര ചെയ്യുന്നവർക്ക് ലഭിക്കുകയും അതുവഴി ആളുകൾ അപകടത്തിൽപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ രാത്രിയിലും മറ്റും അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ച് ജലാശയങ്ങളിൽ വാഹനം വീണതു വഴി ആളുകൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾ കേരളത്തിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള നാവിഗേഷൻ ആപ്പുകളെ പൂർണമായി വിശ്വസിക്കരുതെന്നും അത് ഉപയോഗപ്പെടുത്തുമ്പോൾ സമാന്തരമായി മറ്റ് തരത്തിലുള്ള മുൻകരുതലുകൾ എടുക്കണമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. ഇത് ഉറപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബക്സറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് ഗൂഗിൾ മാപ്പ് കാണിച്ചു കൊടുത്ത നിർദേശങ്ങൾ പിന്തുടർന്നതിന്റ അനുഭവമാണ് യുവാവ് വീഡിയോയിൽ പകർത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നോട്ട് പോയി ഒടുവിൽ ഒരു വലിയ കുളത്തിന്റെ കരയിൽ ചെന്നാണ് വാഹനം നിന്നത്.
ഫോണിൽ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുക്കുന്ന വഴിയും വീഡിയോയിൽ കാണുന്നുണ്ട്. ഹൈവേയിൽ നിന്ന് മാറി, ഒരു ചെറിയ റോഡിലേക്ക് നയിച്ചു. പിന്നീട് ടാർ ചെയ്യാത്ത റോഡിലൂടെ ഏറെ മുന്നോട്ട് പോയി. ഒടുവിൽ ഒരു കുളത്തിന്റെ കരയിലെത്തി. നീല നിറത്തിൽ ജലാശയം മാപ്പിൽ കാണിക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം കുളത്തിന്റെ മദ്ധ്യഭാഗത്തു കൂടി വാഹനം ഓടിച്ച് പോകാനുള്ള വഴിയും മാപ്പിലുണ്ട്. യഥാർത്ഥത്തിൽ ഇവിടെ പാലമോ മറ്റ് സംവിധാനങ്ങളോ ഇല്ല. കുളത്തിന്റെ അരികിൽ വരെ എത്തി വാഹനം നിർത്തിയ ഡ്രൈവർ, മുന്നോട്ട് തന്നെ പോകാൻ ഗൂഗിൾ മാപ്പ് വഴി കാണിച്ചു കൊടുക്കുന്നതും വീഡിയോയിൽ പ്രദർശിപ്പിക്കുന്നു.
വീഡിയോ വലിയ തോതിൽ ആളുകളുടെ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചിലർ പറയുന്നു. ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ടിപ്പുകളും ആളുകൾ വീഡിയോയ്ക്ക് ചുവടെ വിശദീകരിക്കുന്നുണ്ട്. ഒപ്പം പകൽ വെളിച്ചത്തിലായതിനാലാണ് ഇത്ര വ്യക്തമായി ജലാശയം കാണാനായതെന്നും രാത്രിയാണ് മാപ്പ് പിന്തുടർന്ന് വാഹനവുമായി വന്നിരുന്നതെങ്കിൽ വലിയ ദുരന്തത്തിലേക്ക് അത് മാറിയേനെ എന്നും ആളുകൾ കമന്റ് ചെയ്യുന്നു.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
