'2024ൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ ചന്ദ്രബാബു നായിഡു ജീവനോടെ ഉണ്ടാകില്ല'; ഭീഷണിയുമായി എംപി
തീവ്ര ഇടതു ഗ്രൂപ്പുകൾ ചില ശക്തികളുടെ പിന്തുണയോടെ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തനിക്ക് ആന്ധ്ര പൊലീസ് സുരക്ഷാ ഉറപ്പാക്കുന്നില്ല എന്നും ചന്ദ്രബാബു നായിഡു കത്തിൽ ആരോപിക്കുന്നു.

ഹൈദരാബാദ്: ചന്ദ്രബാബു നായിഡുവിനെതിരെ ഭീഷണിയുമായി വൈഎസ്ആർ കോൺഗ്രസ് എംപി. 2024-ൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ചന്ദ്രബാബു നായിഡു ജീവനോടെ ഉണ്ടാകില്ലെന്നാണ് ഹിന്ദുപൂർ എംപി ഗോരൻഡ്‍ല മാധവയുടെ ഭീഷണി. വൈഎസ്ആർ കോൺഗ്രസ് നടത്തുന്ന പ്രചാരണ യാത്രയായ സാമാജിക സാധികാര യാത്രയിലാണ് ചന്ദ്രബാബു നായിഡുവിനെതിരെ ഹിന്ദുപൂർ എംപി ഭീഷണി മുഴക്കിയത്.
പ്രസ്താവന വിവാദമായെങ്കിലും വൈഎസ്ആർ കോൺഗ്രസ് ഇതേവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ, തനിക്ക് ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി ചന്ദ്രബാബു നായിഡു ജഡ്‍ജിക്ക് കത്ത് നൽകി. നായിഡുവിനെ റിമാൻഡിൽ വിട്ട ആന്‍റി കറപ്ഷൻ ബ്യൂറോ കോടതി ജഡ്‍ജിക്കാണ് കത്ത് നൽകിയത്.
തീവ്ര ഇടതു ഗ്രൂപ്പുകൾ ചില ശക്തികളുടെ പിന്തുണയോടെ തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തനിക്ക് ആന്ധ്ര പൊലീസ് സുരക്ഷാ ഉറപ്പാക്കുന്നില്ല എന്നും ചന്ദ്രബാബു നായിഡു കത്തിൽ ആരോപിക്കുന്നു.