പൊലീസ് ചെക്ക് പോയിന്റില്‍ ഡ്രൈവര്‍ അസ്വഭാവിക തിടുക്കം കാണിക്കുന്നതും പരിഭ്രമവും ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്.

ഡെറാഡൂണ്‍: ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന ചീറിപ്പാഞ്ഞ ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ പൊലീസ് കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം. സൈറണ്‍ മുഴക്കി പാഞ്ഞെത്തിയ ആംബുലന്‍സിന്റെ ഡ്രൈവര്‍, പൊലീസ് പരിശോധന കണ്ടപ്പോള്‍ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പോലെ കണ്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് വാഹനത്തെ പിന്തുടരുകയായിരുന്നു.

ബത്റൗജ്ഖാന്‍ മോഹന്‍ ബാരിയറില്‍ പൊലീസ് സംഘം പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സില്‍ ഒരു സന്നദ്ധ സംഘടനയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റെന്നും എഴുതിയിരുന്നു. ചെക്ക് പോയിന്റില്‍ ആംബുലന്‍സ് ഡ്രൈവര്‍ അസ്വഭാവിക തിടുക്കം കാണിക്കുന്നതായി തോന്നിയ പൊലീസുകാര്‍ കാര്യം അന്വേഷിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി രാംനഗറിലെ ആശുപത്രിയിലേക്ക് പോവുകയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

എന്നാല്‍ അസ്വഭാവികത തോന്നിയ പൊലീസ് സംഘം വാഹനത്തെ പിന്തുടര്‍ന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. വാഹനം നിര്‍ത്തി പിന്‍ഭാഗം തുറന്നപ്പോള്‍ രോഗിക്ക് പകരം ആംബുലന്‍സിലുണ്ടായിരുന്നത് 16 ചാക്കുകളായിരുന്നു. പരിശോധിച്ചപ്പോള്‍ എല്ലാത്തിലും നിറയെ കഞ്ചാവ്. വിപണിയില്‍ ഏകദേശം 32 ലക്ഷം രൂപ വിലവരുന്ന 218 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആംബുലന്‍സ് ഓടിച്ചിരുന്ന റോഷന്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍വാള്‍ ജില്ലയിലെ സുന്‍സി ഗ്രാമവാസിയാണ് ഇയാള്‍.

Read also: പച്ചക്കറിയെന്ന് തെറ്റിധരിച്ച് റോബോട്ട് എടുത്തുയർത്തി ഞെരിച്ചു, സെൻസർ നന്നാക്കാനെത്തിയ 40കാരന് ദാരുണാന്ത്യം

ആംബുലന്‍സില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. പൊലീസ് പിന്തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെ ഇയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം പൊലീസുകാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമെതിരെ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്‍സ്റ്റന്‍സ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

സരൈഖേതിലുള്ള ഒരാളാണ് കഞ്ചാവ് തന്നയച്ചതെന്നും കാശിപൂരിലെ ഒരാള്‍ക്ക് കൈമാറാനുള്ളതായിരുന്നു ഇതെന്നും പിടിയിലായ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു സന്നദ്ധ സംഘടനയുടെ ജീവനക്കാരനാണ് ആംബുലന്‍സ് ഡ്രൈവറെന്ന് ബത്റൗജ്ഖാന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മദന്‍ മോഹന്‍ ജോഷി പറഞ്ഞു. ആംബുലന്‍സായും ഗ്രാമ പ്രദേശങ്ങളില്‍ ഡോക്ടര്‍മാരെ എത്തിക്കാനും ഉപയോഗിച്ചിരുന്ന വാഹനമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...