കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ആർഎസ് എസ് മേധാവി മോഹൻ ഭാഗവത്. ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും എല്ലാവരും അലംഭാവം കാട്ടി. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും അലംഭാവം തുടർന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരാജയമെന്ന ആരോപണങ്ങൾക്കിടെയാണ് ആര്‍എസ്എസ് മേധാവിയുടെ വിമര്‍ശനം

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി ആർഎസ് എസ് മേധാവി മോഹൻ ഭാഗവത്. ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും എല്ലാവരും അലംഭാവം കാട്ടി. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും അലംഭാവം തുടർന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരാജയമെന്ന ആരോപണങ്ങൾക്കിടെയാണ് ആര്‍എസ്എസ് മേധാവിയുടെ വിമര്‍ശനം. മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ വരുമ്പോൾ ഭയപ്പെടാതെ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ആക്രമണത്തിനിടെ വിമര്‍ശനവുമായി ആര്‍.എസ്.എസ് കൂടി രംഗത്തെതിയത് മോദി സര്‍ക്കാരിന് തിരിച്ചടിയായി.

ഹം ജീതേംഗെ എന്ന സംവാദത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കവെയായിരുന്നു ആര്‍എസ്എസ് മോധാവി മോഹൻ ഭാവഗതിന്‍റെ വിമര്‍ശനം. ആദ്യ കൊവിഡ് വ്യാപനത്തിന് ശേഷം ഒരുപാട് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. ഡോക്ടര്‍മാരും മുന്നറിയിപ്പുകൾ നൽകി. പക്ഷെ, അത് മുഖവിലക്കെടുക്കുന്നതിൽ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം അലംഭാവം കാട്ടി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പരസ്യമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്.

കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണപരാജയമെന്നാണ് പ്രതിപക്ഷ ആരോപണം. ആദ്യതരംഗത്തിന് ശേഷം ഒരു വര്‍ഷം കിട്ടിയിട്ടും ഒന്നും ചെയ്യാതെ ജനങ്ങളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞെന്ന വിമര്‍ശനവും ഉയരുന്നു. ആര്‍എസ്എസ് മേധാവി കൂടി വിമര്‍ശനവുമായി എത്തുമ്പോൾ മോദി സര്‍ക്കാര്‍ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. ആര്‍എസ്എസ് വിമര്‍ശനം ഇനി പ്രതിപക്ഷ ആക്രമണങ്ങളുടെ മൂര്‍ച്ചകൂട്ടും. സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിയുന്നു എന്ന വികാരം ബിജെപിക്കുള്ളിലും പുകയുമ്പോൾ കൂടിയാണ് ആര്‍എസ്എസ് വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.