ത്രിപുര: രാഷ്ട്രീയ റാലികളിൽ സർക്കാർ ഉദ്യോ​ഗസ്ഥർ പങ്കെടുക്കുന്നത് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനമായി കണക്കാക്കില്ലെന്ന് ത്രിപുര ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ ഉദ്യോ​ഗസ്ഥയായ ലിപിക പോൾ നൽകിയ പരാതിയിൻമേലാണ് കോടതിയുടെ ഈ സുപ്രധാന വിധി. 2017 ഡിസംബറിൽ ഇടതു സംഘടനകൾ നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഫിഷറീസ് വകുപ്പിലെ യുഡി ക്ലാർക്ക് ആയി ജോലി ചെയ്യുകയായിരുന്നു ലിപിക പോൾ. വിരമിക്കുന്നതിന് വെറും നാല് ദിവസം ബാക്കി നിൽക്കെയാണ് ഇവർക്ക് സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഷൻ നേരിടേണ്ടി വന്നത്. 

''രാഷ്ട്രീയ കൂട്ടായ്മകളിലും റാലിയിലും സർക്കാർ ഉദ്യോ​ഗസ്ഥർ പങ്കെടുക്കുന്നത് ചട്ടവിരു​ദ്ധമല്ല എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഉദ്യോ​ഗസ്ഥർക്കും സാധാരണ ജനങ്ങൾക്കും തങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നു.'' ലിപിക പോളിന്റ അഭിഭാഷകനായ പുരുഷോത്തം റോയ് ബർമാൻ പറഞ്ഞു. ലിപിക പോളിനെതിരെയുള്ള അന്വേഷണ നടപടികൽ നിർത്തിവയ്ക്കാനും അടുത്ത രണ്ട് മാസത്തിനകം ഇവർക്ക് നൽകാനുള്ള കുടിശ്ശികകളും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.