Asianet News MalayalamAsianet News Malayalam

സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് മലേഷ്യയോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു

ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ പരസ്പരം വിട്ടുനൽകുന്നതിന് ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്

Government formally requests Malaysia to extradite Zakir Naik
Author
New Delhi, First Published Jun 12, 2019, 9:11 PM IST

ദില്ലി: വിവാദ ഇസ്ലാം മത പ്രഭാഷകൻ സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ പരസ്പരം വിട്ടുനൽകുന്നതിന് ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്. അതിനാലാണ് ഔദ്യോഗികമായി തന്നെ സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് ഇന്ത്യ നേരിട്ട് മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായി വിദേശ കാര്യ വക്താവ് രവീഷ് കുമാർ സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ ഇനിയും മലേഷ്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളുമായും കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെന്നും ഒരു രാജ്യവും ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ സുതാര്യത ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ  സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറില്ലെന്നാണ് നേരത്തെ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞത്. സാക്കിര്‍ നായിക്കിനെ വിട്ടുകൊടുക്കാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ മുഹാദിര്‍ മുഹമ്മദ് പറഞ്ഞിരുന്നു. ഇന്ത്യയിൽ നീതി ലഭിക്കില്ലെന്നാണ് സാക്കിർ നായിക്ക് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഇന്റ‍ർപോളിനെ സമീപിച്ചിരുന്നു.  സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്നാണ് മലേഷ്യ നിലപാട് വ്യക്തമാക്കിയത്. 

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റ‍ര്‍പോൾ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്‍റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.

സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെയും, ശത്രുത വളര്‍ത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.

 

Follow Us:
Download App:
  • android
  • ios