കോട്ട: 20 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് പൗരത്നം നല്‍കി. രണ്ട് ദശകം മുമ്പ് രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതിന് തൊട്ടു മുൻപാണ് പൗരത്വം നൽകിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കർപുർ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലെത്തിയ രേഖാ ബേജ്വാനി, സോനം കുമാരി, മുസ്‌കാൻ, സന്ദീപ് കുമാർ, സുദാമൻ എന്നിവർക്കാണ് വെള്ളിയാഴ്ച ഇന്ത്യൻ പൗരത്വം ലഭിച്ചത്. മാലയിട്ട് ആഘോഷത്തോടെയാണ് ഇവർക്ക്  പൗരത്വം നൽകിയത്.

ഡിസംബർ 30ന് പാകിസ്താനിൽ നിന്നെത്തിയ എട്ടുപേർക്ക് ഇന്ത്യൻ പൗരത്വം നൽകിയിരുന്നു. ആറു വർഷത്തിനിടെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ നാലായിരത്തോളം പേർക്കാണ് വിവിധ സംസ്ഥാനങ്ങളിൽ പൗരത്വം നൽകിയത്. പൗരത്വ നിയമഭേദഗതിയെ തുടർന്ന് രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വെള്ളിയഴ്ചയാണ് നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്.