ജയ്പൂര്‍: ആള്‍ക്കൂട്ടാക്രമണത്തില്‍ രാജസ്ഥാനിലെ ആല്‍വാറില്‍ പെഹ്‍ലു ഖാന്‍  കൊല്ലപ്പെട്ട  കേസില്‍ തുടരന്വേഷണത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെവിട്ട ആല്‍വാര്‍ കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതിനിടെ മറ്റൊരു സംഭവത്തില്‍ മകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് ആല്‍വാറിലെ അന്ധനായ അച്ഛന്‍ ആത്മഹത്യ ചെയ്തു. 

ഗോരക്ഷകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ക്ഷീരകര്‍ഷകനായ പെഹ്‍ലു ഖാന്‍ കൊല്ലപ്പെട്ട കേസിലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം. പെഹ്‍ലു ഖാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.  കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ച കോടതി  ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും കേസില്‍ നീതി ലഭ്യമാക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ രാജ്യത്തുനിന്ന് തുടച്ചുനീക്കണമെന്നും  പ്രിയങ്ക ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ പിടിപ്പുകേടിന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്നായിരുന്നു മായാവതിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് കേസില്‍ തുടരന്വേഷണം രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

അതിനിടെ രാജസ്ഥാനിലെ ആല്‍വാറില്‍ തന്നെ മറ്റൊരു സംഭവം കൂടിയുണ്ടായി. കഴിഞ്ഞ മാസം ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു. വാഹനാപകടം ഉണ്ടായതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ  ഹരീഷ് എന്ന യുവാവിന്‍റെ പിതാവ് രതി റാം ജാദവ് ആണ് ആത്മഹത്യ ചെയ്തത്. കുറ്റാരോപിതരിൽ നിന്നുള്ള ഭീഷണിയും പൊലീസ് ക്രൂരമായി പെരുമാറിയതുമാണ് രതി റാം ആത്മഹത്യ ചെയ്യാന‍് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.