Asianet News MalayalamAsianet News Malayalam

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം; മതസ്പർദ്ധയുണ്ടാക്കുന്ന സന്ദേശങ്ങൾ പാടില്ലെന്ന് കേന്ദ്രം

മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്‍കരുതെന്ന് മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്

Government Issues Advisory To Media And Social Platforms Against Sharing False Content On Ayodhya Ram Temple Event nbu
Author
First Published Jan 20, 2024, 5:53 PM IST

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി മതസ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ തടയാൻ മുന്നറിയിപ്പുമായി കേന്ദ്രം. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. പ്രതിഷ്ഠ ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര ദർശനം നടത്തും. ദില്ലി സർക്കാരും തിങ്കളാഴ്ച രണ്ടര വരെ അവധി പ്രഖ്യാപിച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ രാജ്യത്തുടനീളം ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രാർത്ഥനയ്ക്കാണ് സംഘടനകൾ ഒരുങ്ങുന്നത്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും  ജയ്ശ്രീരാം എന്നെഴുതിയ പതാകകൾ ബിജെപിയും വിശ്വഹിന്ദു പരിഷത്തും വിതരണം ചെയ്യുന്നുണ്ട്. അലിഗഡിലെ വ്യാപാരികൾ തയ്യാറാക്കിയ നാനൂറ് കിലോ ഭാരമുള്ള പ്രതീകാത്മക പൂട്ടും താക്കോലും അയോധ്യയിൽ എത്തിച്ചു എൻഡിഎ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി നല്‍കി. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചു. 

അതേസമയം, മതസ്പർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നല്‍കരുതെന്ന് മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് തട്ടുള്ള സുരക്ഷ നടപടികളാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും മാത്രം കമാൻഡോകൾ ഉൾപ്പടെ അയ്യായിരം പേരെ നിയോഗിച്ചു. ഇന്നലെ അയോധ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നd പേർക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ ആദ്ധ്യാത്മിക കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് പ്രതിപക്ഷ നേതാക്കളുടെ നീക്കം. രാഹുൽ ഗാന്ധി ആസമിലെ ആത്മീയ നേതാവ് ശ്രീ ശ്രീ ശങ്കർദേവിൻ്റെ ജന്മസ്ഥാനം സന്ദർശിക്കും. ഉദ്ധവ് താക്കറെ നാസികിലെ കാലാറാം ക്ഷേതത്തിലും മമത ബാനർജി കൊല്ക്കത്തയിലെ കാളിഘട്ടിലും ദർശനം നടത്തും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാംലീല സംഘടിപ്പിച്ചാണ് ബിജെപി നീക്കങ്ങളെ നേരിടാൻ ഒരുങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios