ദില്ലി: റെയില്‍വേ കാറ്ററിങ് മാനേജരുടെ തസ്തികയിലേക്ക് ഉയര്‍ന്ന ജാതിക്കാരെ മാത്രം ആവശ്യപ്പെട്ട് പരസ്യമിറക്കിയ സ്വകാര്യ കമ്പനിയെ ചുമതലയില്‍ നിന്ന് പുറത്താക്കി. ദില്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍കെ അസോസിയേറ്റ്സ് എന്ന സ്വകാര്യ കമ്പനിയെയാണ് പരസ്യം വിവാദമായതോടെ ഭക്ഷണ വിതരണ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കിയത്.

ഇന്ത്യയിലെവിടെയാണെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായിട്ടുള്ള അഗര്‍വാള്‍ അല്ലെങ്കില്‍ വൈശ് സമുദായത്തില്‍പ്പെട്ട മെച്ചപ്പെട്ട കുടുംബ സാഹചര്യങ്ങളുള്ളവരെ മാനേജര്‍ തസ്തികയിലേക്ക് ആവശ്യമുണ്ട് എന്നാണ് കമ്പനി പരസ്യം നല്‍കിയത്. മാത്രമല്ല പുരുഷന്‍മാരെയാണ് ആവശ്യമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഏകദേശം 100 തസ്തികകളിലേക്കാണ് മാനേജര്‍മാരെ ആവശ്യമുള്ളത്. രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ 150 ട്രെയിനുകളില്‍ കാറ്ററിങ് സര്‍വ്വീസ് നടത്തുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 

പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായതോടെ ഹ്യൂമന്‍ റിസോഴ്സ് മാനേജരെ പുറത്താക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. റെയില്‍വേ മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണിത്. ജാതി നോക്കാതെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെര‍ഞ്ഞെടുക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ പരസ്യം പ്രസിദ്ധീകരിച്ചത് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഒരു സമുദായത്തെയും പ്രത്യേകമായി പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.