ദില്ലി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ എസ്‌പിജി(സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷ എടുത്തുകളഞ്ഞു. സുരക്ഷാ ഏജൻസികളുടെ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. എങ്കിലും മൻമോഹൻ സിംഗിന്റെ ഇസെഡ് പ്ലസ് സുരക്ഷ തുടരാനും യോഗം തീരുമാനിച്ചു.

കേന്ദ്ര സായുധ പൊലീസ് സേനയോ(സിഎപിഎഫ്) കേന്ദ്ര റിസർവ് പൊലീസ് സേനയോ(സിആർപിഎഫ്) ആകും ഇനി മുൻ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുക. ഇവരിൽ ആരെങ്കിലും ചുമതലയേറ്റാലുടൻ എസ്‌പിജി സംഘത്തെ പിൻവലിക്കും. 

ആഭ്യന്തര മന്ത്രാലയവും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയേറ്റും അടങ്ങിയ സമിതി മൂന്ന് മാസത്തോളം അവലോകനം നടത്തിയ ശേഷമാണ് സുരക്ഷ പിൻവലിച്ചത്. ഇതോടെ എസ്‌പിജി സുരക്ഷയുള്ളവരുടെ എണ്ണം നാലായി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളും കോൺഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ആണ് എസ്‌പിജി സുരക്ഷയുള്ളത്. രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് എസ്‌പിജി സംഘത്തിന്റേത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985 ലാണ് എസ്‌പിജി രൂപീകരിച്ചത്. 1988 ൽ എസ്‌പിജി നിയമം പാസാക്കി. പ്രധാനമന്ത്രിയെ സംരക്ഷിക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ ചുമതല. 1989 ൽ വിപി സിംഗ് അധികാരത്തിലെത്തിയപ്പോൾ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എസ്‌പിജി സുരക്ഷ എടുത്തുകളഞ്ഞു. 1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ എല്ലാ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബത്തിനും അടുത്ത പത്ത് വർഷക്കാലത്തേക്ക് എസ്‌പിജി സുരക്ഷ നൽകാൻ തീരുമാനിച്ചു.

പിന്നീട് എബി വാജ്പേയി സർക്കാരാണ് മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹറാവു, എച്ച് ഡി ദേവഗൗഡ, ഐകെ ഗുജ്‌റാൾ എന്നിവരുടെ എസ്‌പിജി സുരക്ഷ എടുത്തുകളഞ്ഞത്. 2003 ൽ വാജ്പേയി സർക്കാർ എസ്‌പിജി നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തി. മുൻ പ്രധാനമന്ത്രിമാർക്ക് പത്ത് വർഷം എസ്‌പിജി സുരക്ഷ അനുവദിക്കണം എന്ന നിബന്ധന ഒരു വർഷത്തേക്കാക്കി വെട്ടിച്ചുരുക്കി.