'അപേക്ഷയില്ലാതെ തന്നെ സർക്കാരുകൾക്ക് ഇളവ് നൽകാം'; ശിക്ഷായിളവിൽ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി
കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി.

ദില്ലി: കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നൽകിയവരെ മാത്രമേ ശിക്ഷ ഇളവിന് പരിഗണിക്കുകയുള്ളുവെന്ന സാഹചര്യമാണ് നിലവിലിലുള്ളത്. ഇത്തരം നിലപാടുകൾ വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാൻ സ്ഥിരം നയമില്ലാത്ത സംസ്ഥാനങ്ങൾ രണ്ടുമാസത്തിനുള്ളിൽ നയമുണ്ടാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിലും വിവിധ കാലം തടവിന് ശിക്ഷിക്കപ്പെട്ടവരിലും ശിക്ഷ ഇളവിന് അർഹതയുള്ളവരുടെ പട്ടികകൾ ജയിൽ സൂപ്രണ്ടുമാർ തയ്യാറാക്കി സംസ്ഥാന സർക്കാരുകൾക്ക് കൈമാറണം. ആ പട്ടിക പരിശോധിച്ച് ശിക്ഷ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണം. കുറ്റകൃത്യത്തിന്റെ പ്രകൃതം, ശിക്ഷ ഇളവ് കിട്ടി പുറത്തിറങ്ങിയാൽ പുതിയ ജീവിതം തുടങ്ങാനുള്ള സാധ്യതകൾ, ക്രിമിനൽ പശ്‌ചാത്തലം പോലെയുള്ള ഘടകങ്ങൾ പരിശോധിച്ചാകണം ശിക്ഷ ഇളവ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി പ്രധാനപ്പെട്ട നിർദേശങ്ങൾ പുറത്തിറക്കിയത്.
