എല്ലാവിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത് ഇതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദില്ലി: ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്‍റ് രാജ്യത്തിന് ഉണ്ടാകും. എല്ലാവിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത് ഇതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ദ്രൗപദി മുർമ്മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ദില്ലിയിലെത്തിയ ദ്രൗപദി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അടിസ്ഥാനവർഗ്ഗത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.
വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപദി മുര്‍മ്മുവിലേക്ക് ബിജെപി എത്തിയത്. ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
