Asianet News MalayalamAsianet News Malayalam

'അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ നിയമം ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ'; തുറന്നടിച്ച് ഗവർണർ

'പാർലമെന്‍റ് പാസ്സാക്കിയ നിയമത്തെ പ്രതിരോധിച്ചത് എന്‍റെ ദൗത്യമാണ്. അവിടെ വേദിയിൽ പ്രശ്നമുണ്ടാക്കിയത് ഇർഫാൻ ഹബീബാണ്. ഇനി മിണ്ടാതിരിക്കില്ല', എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 

governor arif mohammad khan responds on controversies over history congress protest and caa
Author
Thiruvananthapuram, First Published Dec 29, 2019, 9:38 PM IST

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയിലും ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളിലും രാഷ്ട്രീയവിമർശനങ്ങളിലും പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങൾ ചോദിച്ചതും ചരിത്രകാരൻ ഇർഫാൻ ഹബീബാണെന്നും, അതിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തതെന്നും ഗവർണർ പറഞ്ഞു. താൻ അധികാരത്തിലുണ്ടായിരുന്നെങ്കിൽ ബലം പ്രയോഗിച്ച് പൗരത്വ നിയമഭേദഗതി നടപ്പാക്കുമായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. കാരണം ഇത് ഗാന്ധിയും നെഹ്റുവും കൊടുത്ത വാക്കാണ്. പക്ഷെ അങ്ങനെ ചെയ്യണമെന്ന് സർക്കാരിനെ ഉപദേശിക്കാൻ താനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

'പ്രശ്നമുണ്ടാക്കിയത് ഇർഫാൻ ഹബീബ്'

കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ പ്രതിഷേധങ്ങളുണ്ടാകുന്നതിന് മുമ്പ്, രാഷ്‍ട്രീയ വിഷയങ്ങൾ ഉന്നയിച്ചത് ഇർഫാൻ ഹബീബാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇർഫാൻ ഹബീബ് ചോദ്യങ്ങൾ ചോദിച്ചത് തന്‍റെ മുഖത്ത് നോക്കിയാണ്. ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഇർഫാൻ ഹബീബിന്‍റെ പേര് കാര്യ പരിപാടിയിൽ ഇല്ലായിരുന്നു. പേരില്ലാത്ത പരിപാടിയിലാണ് ഇർഫാൻ ഹബീബ് ഇടപെട്ട് സംസാരിച്ചത്. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ട്. നിയമം സംരക്ഷിക്കേണ്ടത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ രാജിവച്ച് വീട്ടിൽ പോയാൽ മതിയല്ലോ? - ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. 

ചോദ്യങ്ങൾ ഉണ്ടായാൽ ഉത്തരങ്ങൾ ഉണ്ടാകുമെന്നും മൗനിയായിരിക്കാൻ ആവില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. നിയമത്തെ ചോദ്യം ചെയ്താൽ നിഷ്പക്ഷനായിരിക്കില്ല. ബില്ലിൽ രാഷ്‍ട്രപതി ഒപ്പിട്ടാൽ പിന്നെ അത് രാജ്യത്തെ നിയമമാണ്. അത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതൊന്നും തൽക്കാലം എന്‍റെ വിഷയമല്ല. പൗരത്വ നിയമഭേദഗതി രാജ്യത്തെ നിയമമായി എന്നതിനെ ആർക്കും അതിനെ നിഷേധിക്കാനാവില്ല - ഗവർണർ പറയുന്നു.

'നിയമം ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ'

പൗരത്വ നിയമഭേദഗതി നടപ്പാക്കണമെന്നും, അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവർണർ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നു. പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നുണ്ട്. ഞാൻ എന്നെ ഈ രാജ്യത്ത് ന്യൂനപക്ഷമായി കാണുന്നില്ല. ഇന്ത്യയുടെ ഭരണഘടന ന്യൂനപക്ഷത്തെ നിർവചിച്ചിട്ടില്ല. വിഭജനത്തിന്‍റെ ദുരിതം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ ഇന്നും അനുഭവിക്കുന്നുണ്ട്. അവരെ സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്‍റെയും വാഗ്ദാനം പാലിക്കുന്നതാണ് പൗരത്വ നിയമഭേദഗതിയെന്നും ഗവർണർ പറയുന്നു.

കോൺഗ്രസിനെതിരെ രൂക്ഷവിമർശനം

കോൺഗ്രസ് സമ്മതം മൂളിയത് കൊണ്ടാണ് രാജ്യം വിഭജിക്കപ്പെട്ടതെന്ന് ഗവർണർ വിമർശിക്കുന്നു. സർക്കാരിന്‍റെ ഭാഗമായിരുന്നെങ്കിൽ നിയമം ഉടനടി നടപ്പാക്കണമെന്ന നിലപാട് താൻ എടുത്തേനെ. അധികാരത്തിലുണ്ടായിരുന്നെങ്കിൽ നിയമം ബലം പ്രയോഗിച്ച് നടപ്പാക്കുമായിരുന്നു.‍ രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കേണ്ടത് ഗവർണറെന്ന നിലയിൽ തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് - ഗവർണർ പറഞ്ഞുനിർത്തുന്നു. 

ഗവർണറുടെ അഭിമുഖത്തിന്‍റെ പൂർണരൂപം:

 

Follow Us:
Download App:
  • android
  • ios