ഹിജാബ് കേസിൽ വിഭിന്നവിധി ബെഞ്ചിൽ അംഗമായിരുന്നു ഹേമന്ത് ഗുപ്ത.നാല് വർഷം സുപ്രീം കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത കഴിഞ്ഞ ഒക്ടോബർ പതിനാറിനാണ് വിരമിച്ചത്.
ദില്ലി: ഇന്ത്യ ഇൻ്റർനാഷണൽ ആർബിട്രേഷൻ സെന്റർ അദ്ധ്യക്ഷനായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ കേന്ദ്രം നിയമിച്ചു. ഹിജാബ് കേസിൽ വിഭിന്നവിധി ബെഞ്ചിൽ അംഗമായിരുന്നു ഹേമന്ത് ഗുപ്ത.
ദില്ലി കേന്ദ്രമായുള്ള ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ അദ്ധ്യക്ഷനായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ നിയമിച്ചതായുള്ള അറിയിപ്പ് ഇന്നലെയാണ് വന്നത്. അഭിഭാഷകരായ ഗണേഷ് ചന്ദ്രു, അനന്ത് വിജയ് പള്ളി എന്നിവരെ പാർട്ട് ടൈം അംഗങ്ങളാക്കി. പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പെട്ട കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് ഇതിനായുള്ള തീരുമാനം എടുത്തത്.
കോർപ്പറേറ്റ് രംഗത്തെ നിയമവിവ്യഹാരങ്ങൾക്ക് തീർപ്പ് കൽപിക്കാനാണ് ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സ്ഥാപിച്ചത്. 2019ൽ തുടങ്ങിയ സ്ഥാപനത്തിന്റെ പേര് ന്യൂദില്ലി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്നായിരുന്നു. കഴിഞ്ഞയാഴ്ചയാണ്ന്യൂ ദില്ലി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയത്.
നാല് വർഷം സുപ്രീം കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത കഴിഞ്ഞ ഒക്ടോബർ പതിനാറിനാണ് വിരമിച്ചത്. സുപ്രീം കോടതി ജഡ്ജിയായിരിക്കെ, കർണാടക ഹിജാബ് നിരോധന കേസിലെ വിധി ഉൾപ്പെടെ നിരവധി സുപ്രധാന വിധികൾ ജസ്റ്റിസ് ഗുപ്ത പുറപ്പെടുവിച്ചിട്ടുണ്ട് . ഹിജാബ് കേസിൽ സുപ്രീംകോടതി രണ്ടംഗ ബഞ്ച് ഭിന്ന വിധിയാണ് നല്കിയത്.
കർണ്ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധി ജസ്റ്റിസ് ഹേമന്ത് ഗുപ്ത അംഗീകരിച്ചു. എന്നാൽ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സുധാൻഷു ധൂലിയ ജസ്റ്റിസ് ഗുപ്തയോട് വിയോജിച്ചിരുന്നു. ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനം ഗണേഷ് ചതുർത്ഥി ആഘോഷത്തിന് നൽകിയതുമായി ബന്ധപ്പെട്ടുള്ള ഭിന്നവിധി പുറപ്പെടുവിച്ച ബെഞ്ചിലും അംഗമായിരുന്നു ഹേമന്ത് ഗുപ്ത. ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ ഒരു ആചാരമല്ലെന്ന് വിധിച്ച കർണാടക ഹൈക്കോടതി ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് റിതു രാജ് അവസ്തിയെ കേന്ദ്ര നിയമകമ്മീഷൻ ചെയർപേഴ്സാണായി അടുത്തിടെ നിയമിച്ചിരുന്നു
