ദില്ലി: മീ ടൂ ആരോപണങ്ങള്‍ക്ക് ശേഷം, തൊഴില്‍ രംഗത്തെ ലൈംഗികാതിക്രമം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയെ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന എംജെ അക്ബറിനെതിരെ മീ ടു ആരോപണം വന്നതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും മന്ത്രിതല സമിതിയെ നിയോഗിച്ചത്. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്വിന്‍റ് ആണ് വിവരാവകാശ നിയമത്തിലൂടെ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 

കേന്ദ്രമന്ത്രിമാരായിരുന്ന, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, മനേക ഗാന്ധി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. 2018 ഒക്ടോബര്‍ 24നാണ് സമിതി രൂപീകരിച്ചത്. കമ്മിറ്റിയുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ചാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കമ്മിറ്റി ഇല്ലാതായെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ 'മീ ടു ഇന്ത്യ' രംഗത്തെത്തി. കമ്മിറ്റിയില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ വ്യക്തമാക്കി.