ദില്ലി: ഇന്ധന വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ധര്‍മ്മ സങ്കടത്തിലാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇന്ധന വില ഉയരുന്നത് സാധാരണക്കാര്‍ക്ക് ദുരിതമാണെന്നും അതേസമയം പ്രശ്‌നം പരിഹരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും അവര്‍ പറഞ്ഞു. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

'കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. ഇത് സെസ് മാത്രമല്ല. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, പിന്നെ സംസ്ഥാനങ്ങളുടെ വാറ്റ് നികുതി. സര്‍ക്കാറുകളുടെ പ്രധാന വരുമാനമാണിതെന്ന വസ്തുത മറച്ചുവെക്കുന്നില്ല. എന്റെ കാര്യം മാത്രമല്ല, നിങ്ങള്‍ സംസ്ഥാനങ്ങളോട് അന്വേഷിക്കൂ'- ധനമന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തുകയാണ് മാര്‍ഗമെന്നും അവര്‍ വ്യക്തമാക്കി.

രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും അവര്‍ വ്യക്തമാക്കി. വില കുറക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ധാരണയിലെത്തണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടിരുന്നു.