ഇത്തരം പ്രശ്നം പരിഹരിച്ച് മുന്‍കാല പരിചയുള്ള കമ്പനികള്‍, ആളുകള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഇതിന് പരിഹാരം നിര്‍ദേശിക്കാം. 

ദില്ലി: കേന്ദ്രസര്‍ക്കാറിന്‍റെ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ആസ്ഥാനത്തെ പ്രശ്നം പരിഹരിക്കാന്‍, മാര്‍ഗ്ഗം തേടി മന്ത്രാലയം. മന്ത്രാലയത്തിന്‍റെ ആസ്ഥാനമായ ഇന്ദിര പര്യവരണ്‍ ഭവനില്‍ നിറയെ പക്ഷികള്‍ കാഷ്ഠിക്കുന്നത് തടയാനാണ് മന്ത്രാലയം ഉപായം തേടുന്നത്. ഇന്ദിര പര്യവരണ്‍ ഭവന്‍റെ മുറ്റത്തും, നടുമുറ്റത്തും, പറമ്പിലും പക്ഷി കാഷ്ഠം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്, ഇതിന് പരിഹാരം കാണുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം.

ഇത്തരം പ്രശ്നം പരിഹരിച്ച് മുന്‍കാല പരിചയുള്ള കമ്പനികള്‍, ആളുകള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഇതിന് പരിഹാരം നിര്‍ദേശിക്കാം. അതിനായി ജൂലൈ 23 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകീട്ട് 3 മണി മുതല്‍ 4 മണിവരെ ഇന്ദിര പര്യവരണ്‍ ഭവനില്‍ നേരിട്ടെത്തി സന്ദര്‍ശിക്കാനും അവസരമുണ്ട് - മന്ത്രാലയം ഇറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.

'ഇതൊരു വാര്‍ത്തയാണ്, ഇത് വലിയ പ്രശ്നമായി മന്ത്രാലയം അധികൃതര്‍ എടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല. കാക്കകള്‍, താറാവുകള്‍, തത്തകള്‍ ഇവയെല്ലാം മന്ത്രാലയത്തിന്‍റെ ഉള്ളില്‍ സാധാരണയാണ്. ഇവ എന്തെങ്കിലും തരത്തില്‍ ജോലി തടസ്സപ്പെടുത്തുന്നതായി തോന്നിയിട്ടില്ല.'- പേര് വെളിപ്പെടുത്താത്ത ഒരു മന്ത്രാലയം ജീവനക്കാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.

'ഉത്തരവാദിത്വമില്ലാതെ ഇവയ്ക്ക് ഭക്ഷണം ലഭിക്കുന്ന, നല്ല താമസസ്ഥലം ലഭിക്കുന്നു ഇതാണ് പക്ഷികള്‍ വര്‍ദ്ധിക്കാന്‍ കാരണം. നമ്മുടെ കെട്ടിടങ്ങള്‍ എല്ലാം തന്നെ ഇവയ്ക്ക് കൂടുവയ്ക്കാന്‍ ഏറെ സ്ഥലം നല്‍കുന്നതാണ്. ഒപ്പം ഇവയുടെ സംഖ്യ നിയന്ത്രിക്കാന്‍ പ്രകൃതി തന്നെ സൃഷ്ടിക്കുന്ന ഇരപിടിയന്മാര്‍ നഗരങ്ങളില്‍ കുറവുമാണ്, ലോകമെങ്ങും വലിയ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് ഇത്- പരിസ്ഥിതി ഗവേഷകനായ അബി തമിംമ് വനക് പ്രതികരിക്കുന്നു. അതേ സമയം ഇന്ത്യയിലെ തന്നെ ഏറ്റവും റൈറ്റിംഗുള്ള ഗ്രീന്‍ ബില്‍ഡിംഗാണ് ഇന്ദിര പര്യവരണ്‍ ഭവന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona