ലക്നൗ: അലഞ്ഞ് തിരിയുന്ന പശുക്കളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പശുക്കള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നവെന്ന കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുപി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. മുഖ്യമന്ത്രി ബേ സഹാര ഗോ വന്‍ഷ് എന്നാണ് പദ്ധതിക്ക് പേര് നല്‍കിയത്. സര്‍ക്കാര്‍ ഗോശാലകളിലെ ഒരുലക്ഷം പശുക്കളെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഓരോ പശുവിനും പ്രതിദിനം 30 രൂപ ദത്തെടുക്കുന്ന ആള്‍ക്ക് നല്‍കും. ഒരാള്‍ക്ക് പ്രതിമാസം 900 രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയാണെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായകരമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം. ദത്തെടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കും ദിവസേന പണം കൈമാറും. പദ്ധതിക്കായി 105 കോടി ആദ്യഘട്ടത്തില്‍ വകയിരുത്തി. അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സര്‍ക്കാറിന് ബാധ്യതയാണെന്നാണ് വിലയിരുത്തല്‍.

2012ലെ കണക്കെടുപ്പ് പ്രകാരം 205 ലക്ഷം കന്നുകാലികളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 10-12 ലക്ഷം ഉടമകള്‍ ഉപേക്ഷിച്ച് അലഞ്ഞുതിരിയുന്നവയാണ്. 523 രജിസ്റ്റേഡ് ഗോശാലകളാണ് യുപിയില്‍ സര്‍ക്കാര്‍ നടത്തുന്നത്. കോടിക്കണക്കിന് രൂപയാണ് കാലികളെ പരിപാലിക്കുന്നതിനായി ചെലവാക്കുന്നത്. 2019-20 ബജറ്റില്‍ 600 കോടി രൂപയാണ് കന്നുകാലികളുടെ ക്ഷേമത്തിന് വകയിരുത്തിയത്.

അതേസമയം, പ്രാഥമിക വിദ്യാഭ്യാസ മേഖലക്ക് 500 കോടിയാണ് വകയിരുത്തിയത്. മിര്‍സാപുരിലും അയോധ്യയിലും ഗോശാലകളില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരെ സസ്പെന്‍റ് ചെയ്തിരുന്നു.