മണ്ഡ്യ: കർണാടകത്തിലെ മണ്ഡ്യയിൽ പത്തുവയസുകാരനെ  മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു.  മകൾ പുനർ വിവാഹം ചെയ്തതിലുള്ള എതിർപ്പാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.കൊലപാതകത്തിന് ശേഷം  പൊലീസ് സ്റ്റേഷനിൽ എത്തി മുത്തശ്ശി കുറ്റസമ്മതം നടത്തി

മണ്ഡ്യയിലെ കെ ആർ പേട്ട് പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ ആണ് അറുപത്തഞ്ചുകാരിയായ ശാന്തമ്മ എത്തിയത്.   തിങ്കളാഴ്ച മുതൽ ഇവരുടെ കൊച്ചുമകൻ പ്രജ്വലിനെ കാണാതായിരുന്നു. ഈ വിവരം അന്വേഷിക്കാനാണ് എത്തിയത് എന്ന് കരുതിയ  പൊലീസിനെ ഞെട്ടിച്ച് ശാന്തമ്മ കൊലപാതകം ഏറ്റു പറയുകയായിരുന്നു.

മകളുടെ മകനായ പ്രജ്വൽ ശാന്തമ്മയുടെ കൂടെയാണ് കഴിഞ്ഞ നാല് മാസമായി  കഴിഞ്ഞിരുന്നത്. പ്രജ്വലിന്റെ അമ്മ ഭർത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മംഗളൂരുവിലേക്ക് പോയി.  മകളുടെ പുനർ  വിവാഹത്തിൽ ശാന്തമ്മക്ക് എതിർപ്പുണ്ടായിരുന്നു. മടങ്ങിവരാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും മകൾ വഴങ്ങിയില്ല. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തമാസം മകനെ കാണാൻ വരുമെന്ന് കഴിഞ്ഞയാഴ്ച മകൾ ഫോൺ വിളിച്ചറിയിച്ചു. എന്നാൽ പ്രജ്വലിന്റെ ജീവനെടുക്കാനാണ് ശാന്തമ്മ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു

തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്ന വഴിയിൽ ഹേമാവതി നദിയുടെ തീരത്തേക്ക് കൊച്ചുമകനുമായി ശാന്തമ്മ പോയി. കയ്യിൽ കരുതിയിരുന്ന കയർ കൊണ്ട് കുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.  പിന്നീട് ശാന്തമ്മയും പുഴയിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷിച്ചു. എന്നാൽ  കൊച്ചുമകൻ മുങ്ങിത്താണ വിവരം ഇവർ ആരോടും പറഞ്ഞില്ല. സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തിയ ശേഷമുള്ള  തെരച്ചിലിൽ ആണ് പത്തുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.