അഹമ്മദാബാദ്: വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് വരനെ ബ്രത്ത് അനലൈസറിന് വിധേയനാക്കുന്നൊരു ​ഗ്രാമമുണ്ട് ​ഗുജറാത്തിൽ. ബ്രത്ത് അനലൈസർ പരിശോധനയിൽ വരനും ബന്ധുക്കളുമൊന്നും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമെ പെൺവീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. ഗുജറാത്തിലെ ​ഗാന്ധിന​ഗർ ജില്ലയിലെ പിയാജ് ​ഗ്രാമത്തിലാണ് വളരെ വ്യത്യസ്തമായൊരു ആചാരം നിലനിൽക്കുന്നത്.

​​​ഗ്രാമത്തിൽ പെണ്ണ് കാണാനെത്തുന്ന എല്ലാ യുവാക്കളെയും അവരുടെ അച്ഛനെയും സഹോദരങ്ങളെയും ബന്ധുക്കളെയും പെൺവീട്ടുകാർ ഇത്തരത്തിൽ ബ്രത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ വിവാഹമുറപ്പിക്കും. താക്കൂർ സമുദായക്കാർ കൂടുതലുള്ള മേഖലയാണ് പിയാജ് ​ഗ്രാമം. ചടങ്ങിനെത്തുന്ന വരന്റെ വീട്ടുകാരെയും ബന്ധുക്കളെയും ബ്രത്ത് അനലൈസർ പരിശോധന നടത്തുന്നതിന് വധുവിന്റെ ഭാ​ഗത്തുനിന്ന് ഇരുപത്തഞ്ചിലധികം ബന്ധുക്കളുണ്ടാകും. പരിശോധയിൽ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ വിവാഹം നിർത്തിവയ്ക്കും.

ഇതുകൊണ്ടൊന്നും തീർന്നില്ല. മദ്യപിച്ചതിനെ തുടർന്നാണ് വിവാഹം മുടങ്ങിയതെങ്കിൽ വരന്റെ വീട്ടുകാർ ഒരുലക്ഷം രൂപ നഷ്ടപരിഹാര തുകയായി വധുവിന്റെ വീട്ടുകാർക്ക് നൽകേണ്ടിവരും. നാല് വർ‌ഷം മുമ്പ് നടന്ന ദാരുണമായൊരു സംഭവത്തെ തുടർന്നാണ് ബ്രത്ത് അനലൈസർ പരിശോധന നടത്താൻ ​ഗ്രാമത്തിലുള്ളവർ തീരുമാനിച്ചത്.

മദ്യപിച്ച് വിവാഹത്തിന് പങ്കെടുക്കാനെത്തിയവർ തമ്മിൽ തർക്കിക്കുകയും പിന്നീട് അത് 15 പേരുടെ മരണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, മദ്യപാനിയായ ഭർത്താവിനെ പീഡനം മൂലം ജീവിതം അവസാനിപ്പിക്കുന്ന നിരവധി യുവതികളെയും കണ്ടിട്ടുണ്ട്. ഇതേത്തുടർന്നാണ് ബ്രത്ത് അനലൈസർ പരിശോധന നടത്താൻ ​ഗ്രാമത്തിലെ മുതിർന്നയാളുകൾ ചേർന്ന് തീരുമാനിച്ചതെന്ന് പിയാജ് ​ഗ്രാമത്തിലെ മുഖ്യൻ രമേശ്ജി താക്കൂർ പറഞ്ഞു.

ഇത്തരമൊരു പരിശോധന നടത്തുന്നതിനാൽ വധുവിനെ കിട്ടില്ലെന്ന് പേടിച്ച് ചിലരെങ്കിലും മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചിട്ടുണ്ട്. മദ്യപാനം മൂലം 12-13 വയസ്സുള്ള കുട്ടികള്‍ വരെ അതിദാരുണമായി മരിച്ചിട്ടുണ്ട്. ​ഗ്രാമത്തിനെ വേട്ടയാടുന്ന ലഹരിമാഫിയകൾക്കെതിരെ പൊലീസ് നടപടികളൊന്നും എടുക്കാറില്ലെന്നും രമേശ്ജി കൂട്ടിച്ചേർത്തു.