ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലോക്ക് ഡൗണ്‍  ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിന് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. ഏഴ്  പേര്‍ക്കെതിരായാണ് ഗാസിയാബാദ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുറാദ്‌നഗർ പോലീസ് സ്റ്റേഷൻ പരിസരത്തുള്ള വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്. ഏപ്രിൽ 12, 13 തീയതികളിൽ ദേശീയപാത 58ന് സമീപം രാവലി റോഡില്‍ രണ്ട് കാറുകൾ നിര്‍ത്തിയിട്ടിരുന്ന് പൊലിസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 13ന് രാവിലെ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി അറിഞ്ഞത്. 

വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ഗാസിയാബാദ് എസ്‌എസ്‌പി  കലാനിധി നൈഥാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്‍റെ കണ്ണില്‍പ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു.