Asianet News MalayalamAsianet News Malayalam

മോശം റോഡ്, പൂർണ്ണഗർഭിണിയെ താങ്ങി ആറ് കിലോമീറ്റർ കാട്ടിലൂടെ നടന്ന് ബന്ധുക്കൾ

സുന്ദപ്പൂരിലെ ഉൾ​ഗ്രാമത്തിലുള്ള 22കാരി കുമാരിയെയാണ് തുണിക്കൊണ്ടുള്ള സ്ട്രെക്ച്ചറിൽ കിടത്തി നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്.

group of villagers in the Erode  carried pregnant women  for  6 kms through forest
Author
Erode, First Published Dec 4, 2019, 3:00 PM IST

ഈറോഡ്: ​റോഡ് മോശമായതിനാൽ വീട്ടിലേക്ക് വരാൻ സാധിക്കില്ലെന്ന് പറഞ്ഞ ആംബുലൻസ് ഡ്രൈവറെ കാത്തുനിൽക്കാതെ താല്‍ക്കാലികമായി തയ്യാറാക്കിയ സ്ടെക്ച്ചറില്‍ കിടത്തി പൂർണ്ണ​ഗർഭിണിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുണിയും മുളയും ഉപയോ​ഗിച്ചുണ്ടാക്കിയ താൽകാലിക സ്ട്രെക്ച്ചറിൽ യുവതിയെ കിടത്തി ആറുകിലോമീറ്ററിലധികം കാട്ടിലൂടെ നടന്നാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. തമിഴ്നാട്ടിലെ ഈറോഡിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.

സുന്ദപ്പൂരിലെ ഉൾ​ഗ്രാമത്തിലുള്ള 22കാരി കുമാരിയെയാണ് തുണിക്കൊണ്ടുള്ള സ്ട്രെക്ച്ചറിൽ കിടത്തി ആശുപത്രിയിലെത്തിച്ചത്. കനത്ത മഴ മൂലം ​ഗ്രാമത്തിലേക്കുള്ള റോഡുകൾ‌ പൂർണ്ണമായും തകർന്നിരുന്നു. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭർത്താവ് മാധേശ് ആംബുലൻസ് വേണമെന്നാവശ്യപ്പെട്ട് വിളിച്ചത്. എന്നാൽ റോഡ് മോശമാണെന്നും അതിനാൽ വരാൻ പറ്റില്ലെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി. പ്രധാന റോഡിലേക്ക് വന്നാൽ ആംബുലൻസ് സേവനം ലഭ്യമാക്കാമെന്നും ഡ്രൈവർ യുവാവിനോട് പറ‍ഞ്ഞു. പ്രദേശത്ത് മറ്റ് വാഹന സൗകര്യങ്ങളൊന്നും തന്നെ ഇല്ലായിരുന്നു.

എന്നാൽ, യുവതിയുടെ ആരോ​ഗ്യനില മോശമായതോടെ മറ്റൊരു വഴിയുമില്ലാത്തതിനെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ താല്‍ക്കാലിക സ്ട്രെക്ചര്‍ തയ്യാറാക്കുകയായിരുന്നു. തുടർന്ന് മാധേശും നാട്ടുകാരും ചേർന്ന് യുവതിയെയും വഹിച്ച് നടക്കാൻ തുടങ്ങി. ഏകദേശം രണ്ടര മണിക്കൂർ കാട്ടിലൂടെ നടന്നതിനുശേഷമാണ് ഇവർ നിരത്തിലെത്തിയത്. 

ഇതിനിടെ കുമാരിക്ക് വേ​ദന സഹിക്കാനാകാതെ വന്നപ്പോൾ മാധേശ് വീണ്ടും ആംബുസന്‍സ് ഡ്രൈവറുമായി ബന്ധപ്പെട്ടു. തങ്ങൾ നിരത്തിലെത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വരണമെന്നും ആവശ്യപ്പെട്ടു. ഏറെ നേരം കഴിഞ്ഞ് സ്ഥലത്തെത്തിയ ആംബുലൻസിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബർ​ഗൂറിലെ പ്രാഥമിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി ആൺകുട്ടിക്ക് ജന്മം നൽകി. അമ്മയും കുഞ്ഞും ആരോ​ഗ്യത്തോടെ ഇരിക്കുന്നതായും ബന്ധുക്കൾ അറിയിച്ചു.

Follow Us:
Download App:
  • android
  • ios