സന്ദീപ് സിംഗ് സാലയെ ആണ് സസ്പെൻഡ് ചെയ്തത്. തൂക്ക് പാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
മോർബി: ഗുജറാത്തിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോർബിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഓഫീസറെ സസ്പെൻഡ് ചെയ്തു. സന്ദീപ് സിംഗ് സാലയെ ആണ് സസ്പെൻഡ് ചെയ്തത്. തൂക്ക് പാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നടപടി.
തൂക്ക് പാലത്തിന്‍റെ അറ്റകുറ്റപ്പണിയിൽ സർവത്ര ക്രമക്കേടാണ് നടന്നത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികൾ മാറ്റി അലൂമിനിയം ഷീറ്റുകൾ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എഞ്ചിനീയറിംഗ് വൈദഗ്ദ്യമുള്ളവർ അറ്റകുറ്റപ്പണിക്ക് മേൽനോട്ടം വഹിച്ചില്ലെന്നും കണ്ടെത്തി. മോർബി സംഭവത്തിന് പിന്നാലെ ശേഷിയിൽ കൂടുതൽ ആളുകളെ കയറ്റിയതിന് ഗുജറാത്തിലെ ദ്വാരക ഓഖ റൂട്ടിലെ 25 ബോട്ടുകളുടെ ലൈസൻസ് റദ്ദാക്കി.
അറസ്റ്റിലായ 9 ജീവനക്കാരിൽ 4 പേരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് വീഴ്ചകൾ എണ്ണിപ്പറയുന്നത്. ഏഴ്മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവിൽ പഴയ കമ്പികൾ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ല.തറയിലെ മരപ്പാളികൾക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന് ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. പക്ഷെ ഈ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവർ മേൽനോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാതാക്കളായ കമ്പനിക്ക് സിവിൽ വർക്ക് ടെണ്ടർ പോലുമില്ലാതെ നൽകിയതിലും ദുരൂഹതയുണ്ട്. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു.
