ജാംനഗർ: ഗുജറാത്തിലെ കച്ച് മേഖലയിൽ തുറമുഖങ്ങൾക്ക് അടക്കം കനത്ത ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ. പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ കമാൻഡോകൾ മേഖലയിൽ നുഴഞ്ഞു കയറിയിരിക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് കനത്ത ജാഗ്രതാ നിർദേശവും പരിശോധനയും. ഹറാമി നാലാ ഉൾക്കടൽ വഴി ഇവർ നുഴഞ്ഞു കയറിയെന്നാണ് സൂചന.

'ഹറാമി നാലാ' സമുദ്ര മേഖലയിൽ രണ്ട് പാകിസ്ഥാനി ബോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത സാഹചര്യത്തിലാണ് ബിഎസ്എഫ് ഇന്‍റലിജൻസ് ഏജൻസികളെ അടക്കം വിവരമറിയിച്ചത്. സിംഗിൾ എഞ്ചിൻ ബോട്ടുകളിൽ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നോ ബോട്ടുകളിൽ നിന്നോ സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്തിയില്ല. 

സായുധധാരികളായ ഒരു സംഘമാളുകൾ ഈ മേഖലയിൽ നുഴഞ്ഞു കയറിയിരിക്കാനാണ് സാധ്യത. ഇവർ പാകിസ്ഥാനിൽ നിന്ന് വിദഗ്‍ധ പരിശീലനം നേടിയവരാണെന്നും കരുതപ്പെടുന്നു. കാണ്ട്‍ല (ദീൻ ദയാൽ) അടക്കമുള്ള തുറമുഖങ്ങൾക്കാണ് കടുത്ത സുരക്ഷാ നിർദേശം നൽകിയിരിക്കുന്നത്. ഗുജറാത്തിൽ ആറ് തുറമുഖങ്ങളാണുള്ളത്. ഇതിൽ രണ്ട് തുറമുഖങ്ങൾക്കാണ് ജാഗ്രതാ നിർദേശം. 

തീരപ്രദേശത്തും, തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷിപ്പിംഗ് ഏജന്‍റുമാർക്കും ജാഗ്രതാ നിർദേശമുണ്ട്. ബർത്ത് ബുക്കിംഗുകൾ നിരീക്ഷിക്കും. സംശയകരമായ എന്ത് സംഭവമുണ്ടായാലും തൊട്ടടുത്ത തീരദേശ സേനാ സ്റ്റേഷനിലോ, മറൈൻ പൊലീസ് സ്റ്റേഷനിലോ, തുറമുഖ നിയന്ത്രണ കേന്ദ്രത്തിലോ അറിയിക്കണമെന്ന് ജാഗ്രതാ നിർദേശം. 

പ്രദേശത്തുള്ള സ്വകാര്യ തുറമുഖങ്ങൾക്കും എണ്ണക്കമ്പനികളുൾപ്പടെയുള്ളവയ്ക്കും സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്. നാവിക, വ്യോമസേനകൾ പ്രദേശത്ത് കനത്ത നിരീക്ഷണം തുടരുന്നുണ്ട്. ''ഫ്രണ്ട്'' സംവിധാനം ഇതുവരെ ഉപയോഗിക്കാത്ത വലിയ മീൻവള്ളങ്ങൾ പരിശോധിക്കുന്നുണ്ട്. 

'ഹറാമി നാല' ഉൾക്കടൽ മേഖലയിൽ ഇതാദ്യമായല്ല ഭീഷണി ഉടലെടുക്കുന്നത്. 1999-ലെ കാർഗിൽ യുദ്ധത്തിന് ശേഷം, ഈ ഉൾക്കടലിലെ ചെറുദ്വീപുകളിൽ സൈന്യം ചില പാകിസ്ഥാനി നുഴഞ്ഞു കയറ്റക്കാരെ പിടികൂടിയിരുന്നു. അന്ന്, വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളടക്കം അധികം നിയോഗിച്ചാണ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയത്.