സംസ്ഥാനത്തിന്റെ വാദങ്ങളും, സംസ്ഥാനത്തെ ആരോഗ്യാവസ്ഥയുടെ യാഥാർഥ്യങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്" എന്ന് സൂചിപ്പിച്ചത്.
സൂറത്ത് : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാകുന്നു എന്നുസൂചിപ്പിക്കുന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവകാശവാദങ്ങൾക്ക് കടകവിരുദ്ധമാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം എന്നും, നാട്ടിലെ ജനങ്ങൾ കൊറോണക്കെടുതിയിൽ വലയുകയാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു അന്യായം ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനം ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നുള്ള നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കഴിഞ്ഞു.
"തങ്ങളെ രക്ഷിക്കാൻ ഇനി ദൈവത്തിനുമാത്രമേ കഴിയൂ എന്നാണ് ഇപ്പോൾ ഗുജറാത്തിലെ ജനങ്ങൾ കരുതുന്നത് " കൊവിഡ് സംബന്ധിയായ പൊതുതാത്പര്യ ഹർജിയിന്മേൽ വാദം കേൾക്കവേ, ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ഭാർഗവ് കരിയയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 'കൊവിഡിനെ പൂർണ നിയന്ത്രണത്തിലാക്കാൻ വേണ്ടതൊക്കെ സർക്കാർ ചെയ്യുന്നുണ്ട്' എന്ന് അഡ്വക്കേറ്റ് ജനറൽ കമൽ ത്രിവേദി കോടതിയെ ബോധിപ്പിച്ചപ്പോഴാണ് ഹൈക്കോടതി ബെഞ്ച്,'സംസ്ഥാനത്തിന്റെ വാദങ്ങളും, സംസ്ഥാനത്തെ ആരോഗ്യാവസ്ഥയുടെ യാഥാർഥ്യങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്' എന്ന നിശിത വിമർശനം ഉന്നയിച്ചത്.
തുടർച്ചയായി കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നു ദഹിപ്പിക്കുന്നതുകാരണം ഗുജറാത്തിലെ ലെ വൈദ്യുത ശ്മശാനങ്ങളും ബുദ്ധിമുട്ടിലായിരിക്കുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം സൂറത്തിലെ വൈദ്യുത ശ്മശാനങ്ങളിൽ, മൃതദേഹങ്ങൾ വെച്ച് ദഹിപ്പിക്കുന്ന ഇരുമ്പു കോയിലുകളിൽ ചിലത് തുടർച്ചയായ ഉപയോഗം കാരണം ഉരുകിപ്പോയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇരുപത്തിനാലു മണിക്കൂറും മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തുടർച്ചയായി പ്രവർത്തിക്കുന്നത് കാരണം, ഈ ഫർണസുകളുടെ അറ്റകുറ്റപ്പണികൾ സമയാസമയം നടക്കാത്തതാണ് കോയിലുകൾ ഉരുകാൻ കാരണമായത് എന്ന് വിദഗ്ധർ പ്രതികരിച്ചു. "സാധാരണ ഗതിയിൽ ദിവസേന 20 മൃതദേഹങ്ങളാണ് പരമാവധി ദഹിപ്പികുക. കുറെ ജഡങ്ങൾ വിറകുകൊണ്ടുള്ള ചിതയിലും ദഹിപ്പിക്കപ്പെട്ടിരുന്നു എന്നതുകൊണ്ട് വലിയ ലോഡ് ഫർണസുകൾക്ക് വരാറില്ല. ഇതിപ്പോൾ, ഒരിക്കൽ ചൂടാകുന്ന കോയിലുകൾ വീണ്ടും തണുക്കാൻ അവസരം കിട്ടും മുമ്പേ അടുത്ത ജഡം ദഹിപ്പിക്കാൻ എത്തുന്നതാണ് കോയിലുകൾ ഉരുകിപ്പോകുന്ന സാഹചര്യമുണ്ടാകാൻ കാരണം" എന്ന് സൂറത്തിലെ രാമനാഥ് ഘേല ക്രിമറ്റോറിയത്തിലെ അധികാരികൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ മിക്കതും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും രോഗികളെ പ്രവേശിപ്പിക്കാൻ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. ആശുപത്രികളിൽ നിന്ന് മടക്കിയയക്കപെടുന്ന രോഗികൾ, ആശുപത്രികൾക്കിടയിലുള്ള നെട്ടോട്ടത്തിനിടെ വേണ്ട പരിചരണം കിട്ടാതെ ആംബുലൻസിലും മറ്റും മരണത്തിന് കീഴടങ്ങുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗുജറാത്ത് കേന്ദ്ര സർവകലാശാലയിലെ നാനോ സയൻസസ് വിഭാഗം ഡീൻ ആയ ഡോ. ഇന്ദ്രാണി ബാനർജിഇങ്ങനെ ശ്വാസതടസ്സം നേരിട്ട് മരണപ്പെട്ടത് മരണപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിൽ പോലും ഇപ്പോൾ പുതുതായി ഒരാളെപ്പോലും കൊവിഡ് പരിചരണത്തിനായി പ്രവേശിപ്പിക്കാനാവില്ല എന്നതാണ് ഇപ്പോഴത്തെ സംസ്ഥാനത്തെ അവസ്ഥ.
അതുപോലെ, കൊവിഡ് ബാധിച്ചു മരിച്ച സ്വന്തം അമ്മയുടെ മൃതദേഹം ക്രിമറ്റോറിയത്തിൽ എത്തിക്കാൻ വാഹനം കിട്ടാതെ മകൻ ഒരു ഉന്തുവണ്ടിയിൽ അമ്മയുടെ മൃതദേഹവും ഉന്തിക്കൊണ്ടു പോവുന്ന കാഴ്ചയും ഗുജറാത്തിൽ നിന്നുതന്നെ പുറത്തുവന്നിരിക്കുകയാണ്. സൂറത്തിലെ ഓൽപാഡ് ഗ്രാമത്തിലെ പരിൻ ഷായ്ക്കാണ് ആണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മകമായ നിലപാടുകാരണം ഇങ്ങനെ പ്രയാസം നേരിട്ടത്. ആദ്യം കോവിഡ് ബാധിച്ചു മരിച്ചു എന്ന പേരിൽ ഗ്രാമത്തിലെ ശ്‌മശാനം ഉപയോഗിക്കാൻ സമ്മതം കിട്ടിയില്ല എങ്കിലും, ഏറെ നേരം പ്രയത്നിച്ച ശേഷം അതിനുള്ള അനുമതി കിട്ടിയിരുന്നു. അപ്പോഴാണ് വാഹനം വിട്ടുനൽകില്ല എന്നുള്ള നിലപാട് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ ഷാ അമ്മയുടെ മൃതദേഹം കൈവണ്ടിയിൽ വെച്ച് തള്ളിക്കൊണ്ട് പോവാൻ തീരുമാനിക്കുന്നത്.
ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസക്കുറവുണ്ടാകുന്ന സാഹചര്യമാണ് നിലവിൽ ഗുജറാത്തിലുള്ളത് എന്നും കോടതി നിരീക്ഷിച്ചു. വേണ്ട മരുന്നുകളും മറ്റു സംവിധാനങ്ങളും ഒക്കെ സർക്കാരിന് ലഭ്യമായിരുന്നിട്ടും ഇങ്ങനെ അനുദിനം സാഹചര്യം വഷളാകുന്നത് അനുവദിക്കാവുന്നതല്ല എന്ന് കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് ചെയ്യണം എന്ന നിർദേശവും കോടതി പുറപ്പെടുവിച്ചു. ടെസ്റ്റ് നിരക്കുകൾ കൂട്ടേണ്ടിയിരുന്ന സമയത്ത് സർക്കാർ അത് ചെയ്തില്ല എന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത് 5469 കേസുകളായിരുന്നു. ഇത് കൊവിഡ് മഹാമാരി വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാൻ. ഞായറാഴ്ച 54 രോഗികൾ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4800 കടന്നു.
