ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിന്‍റെ കരട് മുന്നോട്ട് വയ്ക്കുന്ന അവസ്ഥയില്‍ നിയമത്തിന്റെ ഗുണവും ദോഷവും സര്‍ക്കാര്‍ പഠിക്കാന്‍ ആരംഭിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗാന്ധിനഗര്‍: ജനസംഖ്യ നിയന്ത്രണ നിയമത്തിന്‍റെ കരട് ഉത്തര്‍പ്രദേശ് ഇറക്കിയതിന് പിന്നാലെ ഇത്തരം ഒരു നിയമത്തിന്‍റെ ആലോചന ഗുജറാത്ത് സര്‍ക്കാറും ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം ഒരു നിയമത്തിന്‍റെ സാധ്യതകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നേടുന്നുവെന്നാണ് ഗവണ്‍മെന്‍റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിന്‍റെ കരട് മുന്നോട്ട് വയ്ക്കുന്ന അവസ്ഥയില്‍ നിയമത്തിന്റെ ഗുണവും ദോഷവും സര്‍ക്കാര്‍ പഠിക്കാന്‍ ആരംഭിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി സര്‍ക്കാര്‍ തലത്തില്‍ ഇത് ചര്‍ച്ചയായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിദഗ്ധരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും സര്‍ക്കാറിലെ ചില കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച പ്രതികരണം തേടുവാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഉത്തര്‍പ്രദേശ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ജനസംഖ്യ നിയന്ത്രണ നിയമത്തിന്‍റെ കരട് ഗുജറാത്ത് സര്‍ക്കാര്‍ പഠിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു നിയമം ഗൌരവമായി സര്‍ക്കാര്‍ എടുത്താല്‍ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ അത് ബില്ലായി അവതരിപ്പിക്കും. എന്നാല്‍ ഇത്തരം ഒരു നിയമത്തിന്‍റെ ഗുണവും ദോഷവും പഠിച്ച ശേഷമായിരിക്കും അത്. ടൈംസ് ഓഫ് ഇന്ത്യയോട് ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ തയ്യാറാക്കിയ ജനസംഖ്യ നിയന്ത്രണ ബില്ല് 2021 കരട് പുറത്തുവന്നത്. രണ്ട് കുട്ടികള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിലക്ക് അടക്കം നിര്‍ദേശിക്കുന്ന ബില്ല്, രണ്ട് കുട്ടികളോ, ഒരു കുട്ടിയോ ഉള്ള ദമ്പതികള്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.