തെരഞ്ഞെടുപ്പ് നടന്ന 81 മുനിസിപ്പാലിറ്റികളില്‍ 75 എണ്ണവും ബിജെപി വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 231 താലൂക്ക് പഞ്ചായത്തുകളില്‍ 196 പഞ്ചായത്തുകളും ബിജെപിക്കാണ്. 

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണകക്ഷിയായ ബിജെപി. ചൊവ്വാഴ്ച വോട്ടെണ്ണല്‍ നടന്ന മുനിസിപ്പാലിറ്റി, ജില്ല പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ ബഹുഭൂരിപക്ഷമിടത്തും ബിജെപി ആധിപത്യം നേടി. 31 ജില്ല പഞ്ചായത്തുകളില്‍ 31 ഇടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

തെരഞ്ഞെടുപ്പ് നടന്ന 81 മുനിസിപ്പാലിറ്റികളില്‍ 75 എണ്ണവും ബിജെപി വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 231 താലൂക്ക് പഞ്ചായത്തുകളില്‍ 196 പഞ്ചായത്തുകളും ബിജെപിക്കാണ്. ഫെബ്രുവരി 28നാണ് ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോര്‍പ്പറേഷനുകളും ബിജെപി ജയിച്ചിരുന്നു. മഹാനഗരങ്ങളിലെ വന്‍ വിജയം ഗ്രമീണ പ്രദേശങ്ങളും പിടിച്ചടക്കി ഒന്നുകൂടി ഭദ്രമാക്കുന്ന കാഴ്ചയാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

2015 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗ്രമീണ മേഖലകളില്‍ നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസിന് എന്നാല്‍ കാര്യമായ ഒരു നേട്ടവും ഉണ്ടാക്കുവാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സാധിച്ചില്ല എന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. അതേ സമയം ആംആദ്മി പാര്‍ട്ടിയും, ഒവൈസിയുടെ എഐഎംഎല്‍എം എന്നീ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയും പല സ്ഥലത്ത് നിന്നും ലഭ്യമാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

അതേ സമയം പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അമിത് ചാവ്ദ, പ്രതിപക്ഷ നേതാവ് പരേഷ് ദനാനി എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചു. 

ബിജെപിയുടെ വികസന നയത്തിനും, നല്ല ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകരമാണ് ഈ വിജയം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2015 ലെ തിരിച്ചടികളില്‍ നിന്നും പാഠം പഠിച്ച് നടത്തിയ മുന്നേറ്റം എന്നാണ് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ സിആര്‍ പട്ടീല്‍ പ്രതികരിച്ചത്. 2022 ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിനുള്ള തറക്കല്ല് ഇട്ടുവെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചത്.