രാജ്കോട്ട് : ജോലിക്കിടെ സ്ഥാപനത്തിൽ നിന്ന് പണം തട്ടിച്ചു എന്നാരോപിച്ച് മർദ്ദിച്ചവശനാക്കിയ ശേഷം തൊഴിലുടമ ജീവനോടെ കുഴിച്ചു മൂടിയ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ഗുജറാത്തിലെ രാജ് കോട്ടിൽ ഒരു ഡയറി ഫാമിലെ ജീവനക്കാരനായ കപിൽ മരക്കാനയുടെ ജീവിതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങൾക്കിടെ ഉണ്ടായത്. 

രാജ്‌കോട്ടിലെ ഗോണ്ടോൾ എന്ന പട്ടണത്തിലെ അരവിന്ദ് ബോംബാവ എന്ന ഒരു ധനികന്റെ ഡയറി ഫാമിൽ ഇന്നലെ ആയിരുന്നു സംഭവം. രവി, ചന്തു തുടങ്ങിയ അനുയായികളോടൊപ്പം എത്തിയ അരവിന്ദ് ആദ്യം തന്നെ ചെയ്തത് തന്റെ ഫാമിലെ ജീവനക്കാരനായ അരവിന്ദിന്റെ തട്ടിക്കൊണ്ടു പോവുകയാണ്. തന്റെ സ്ഥാപനത്തിൽ നിന്ന് പണം അടിച്ചു മാറ്റി അതിനെ നഷ്ടത്തിലാക്കിയത് കപിൽ ആണെന്നായിരുന്നു അരവിന്ദിന്റെ ആരോപണം. നഷ്ടം മൂത്ത് ആറുമാസങ്ങൾക്കു മുമ്പ് അരവിന്ദിന്റെ തന്റെ ഫാം മറ്റൊരാൾക്ക് വിൽക്കേണ്ടി വന്നിരുന്നു. ഈ ദുരവസ്ഥക്ക് കാരണം കപിൽ ആണെന്നാരോപിച്ചായിരുന്നു അരവിന്ദും സംഘവും കപ്പലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയത്. ഗോണ്ടോളിനടുത്തുള്ള ഒരു മണൽ ഡംപിങ് യാർഡിൽ കൊണ്ടുപോയി ആയിരുന്നു അവർ കപിലിനെ അടിച്ച് കൈകാലുകൾക്ക് പരിക്കേൽപ്പിച്ചത്. 

ലാത്തികൾ തലങ്ങും വിലങ്ങും അടിച്ച ശേഷം അവർ കൈകാലുകൾ കൂട്ടിക്കെട്ടി കപിലിനെ മണൽക്കൂനയ്ക്കുള്ളിൽ തന്നെ കുഴിച്ചിടുകയാണുണ്ടായത്. അതിനു ശേഷം അവർ മദ്യപിക്കാനായി കുറച്ചപ്പുറത്തുള്ള ഒരിടത്ത് ചെന്നിരുന്നു. അവരുടെ ആഘോഷം പുരോഗമിക്കുന്നതിനിടെ മണൽക്കൂനയ്ക്കുളളിൽ കിടന്നു മരണവെപ്രാളം നടത്തിയ കപിൽ ഒരു വിധം പിടഞ്ഞുപിടഞ്ഞ് മണലിന് പുറത്ത് ചാടി. എന്നാൽ, ആ ഗോഡൗണിന്റെ കോമ്പൗണ്ടിൽ നിന്ന് അയാൾ പുറത്തു കടക്കുന്നതിനിടെ വീണ്ടും സംഘത്തിന്റെ കണ്ണിൽ അയാൾ പെട്ടു. 

അതോടെ അവർ അയാളെ രണ്ടാമതും പിടികൂടാൻ വേണ്ടി പിന്നാലെ ഓടിച്ചെന്നു. എന്നാൽ അപ്പോഴേക്കും ഓടിയോടി ഗോണ്ടോൾ സബ്ജയിലിന്റെ ജയിലിന്റെ പരിസരത്തേക്ക് എത്തിക്കഴിഞ്ഞിരുന്ന കപിൽ അവിടെ പാറാവ് നിന്നിരുന്ന പൊലീസുകാരോട് സഹായം അഭ്യർത്ഥിച്ചു. പൊലീസുകാരെ കണ്ട അക്രമിസംഘം അപ്പോൾ രക്ഷപ്പെട്ടോടി എങ്കിലും, കപിൽ എല്ലാം പൊലീസിന് വെളിപ്പെടുത്തി പരാതി നൽകിയപ്പോൾ രാത്രിയോടെ അവർ മൂന്നുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.