അഹമ്മദാബാദ്: സ്വന്തം ജീപ്പ് അഗ്നിക്കിരയാക്കിയ യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 2നാണ് ഇരുവരും ചേര്‍ന്ന് ജീപ്പ് കത്തിച്ചത്. ടിക്ടോക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ജീപ്പ് കത്തിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. കയ്യിലും കഴുത്തിലുമായി ധാരാളം സ്വര്‍ണ്ണം ധരിച്ചിട്ടുള്ള യുവാവ് ജീപ്പില്‍ പെട്രോളൊഴിക്കുന്നതും തീപ്പെട്ടിക്കൊള്ളി കത്തിച്ചിടുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 

ഇന്ദ്രജിത്ത് സിംഗ് ജഡേജ (33) ആണ് സ്വന്തം ജീപ്പ് കത്തിച്ചത്. രാജ്കോട്ടിലെ കൊതാരിയ റോഡിന് നടുവില്‍ വച്ചായിരുന്നു തീ കത്തിച്ചത്. ഇയാളുടെ സുഹൃത്ത് നിമേഷ് ഗോഹെല്‍ (28) ആണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇരുവരെയും ബക്തിനഗര്‍ പൊലീസ് സെപ്തംബര്‍ മൂന്നിന് അറസ്റ്റ് ചെയ്ചതായി ഇന്‍സ്പെക്ടര്‍ വി കെ ഗധ്വി പറഞ്ഞു. ഓട്ടോ പാര്‍ട്സ് ഡീലറാണ് ജഡേജ. തന്‍റെ വാഹനത്തിന്‍റെ എഞ്ചിന്‍ പ്രവര്‍ത്തിക്കാത്തതിന്‍റെ ദേഷ്യത്തിനാണ് ഇയാള്‍ ജീപ്പ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ജീപ്പ് സ്റ്റാര്‍ട്ട് ആവത്തതില്‍ പ്രതിഷേധിച്ച് ഇത് കത്തിക്കാന്‍ പോകുകയാണെന്ന് ജഡേജ പറഞ്ഞപ്പോള്‍ സുഹൃത്ത് ഗോഹെലിന് ആദ്യം വിശ്വസിക്കാനായില്ല. കത്തിക്കുമെന്ന് പറഞ്ഞതോടെ ഗോഹെല്‍ മാറി നിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം ഗോഹെല്‍ തന്നെ ഇത് മറ്റ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.