വൽസാദ്: സ്വകാര്യ സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ​ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജി​ഗ്നേഷ് മെവാനിക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിനെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചെന്നാരോപിച്ച് വൽസാദിലെ ആർഎംവിഎം സ്കൂൾ പ്രിൻസിപ്പാളാണ് ജി​ഗ്നേഷ് മെവാനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

വിദ്യാർഥികളെ അർധന​ഗ്നരാക്കി ക്രൂരമായി മർദ്ദിക്കുന്നയാളുടെ വീഡിയോയാണ് ജി​ഗ്നേഷ് മെവാനി പങ്കുവച്ചത്. മെയ് 20-ന് തന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെയാണ് മെവാനി വീഡിയോ പങ്കുവച്ചത്. ആർഎംവിഎം സ്കൂൾ അധ്യാപകനാണ് കുട്ടികളെ ഇത്തരത്തിൽ മർദ്ദനത്തിനിരയാക്കിയതെന്ന് പരാമർശിച്ചായിരുന്നു മെവാനിയുടെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാ​ഗ് ചെയ്തായിരുന്ന മെവാനി വീഡിയോ പങ്കുവച്ചത്.

'കാടത്തത്തിന്റെ ഏറ്റവും നീചമായ അവസ്ഥ. എല്ലാവർക്കും ഈ വീഡിയോ പങ്കുവയ്ക്കുക. ആർഎംവിഎം സ്കൂൾ അധ്യാപകനാണിത്. വീഡിയോ ഷെയർ ചെയ്ത് സ്കൂൾ പൂട്ടിക്കുക. തനിക്ക് ലഭിച്ച സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയു, എന്താണിത്', എന്നായിരുന്നു മെവാനിയുടെ ട്വീറ്റ്. എന്നാൽ വീഡിയോ വ്യാജമാണെന്നും ​ഗുജറാത്തിലല്ല, സിറിയയിലെ സ്കൂളിൽ നടന്ന സംഭവമാണിതെന്നും കാണിച്ച് സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ മെവാനി പോസ്റ്റ് നീക്കം ചെയ്തു.  

എന്നാൽ വീഡിയോ വൈറലായതോടെ ആർഎംവിഎം സ്കൂൾ പ്രിൻസിപ്പൽ വിജൽ കുമാരി പട്ടേൽ ജി​ഗ്നേഷ് മെവാനിക്കെതിരെ വൽസാദ് പൊലീസിൽ പരാതി നൽകി. വഡ്​ഗാം എംഎൽഎ ആയ ജി​ഗ്നേഷ് മെവാനി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നും അത്തരം സംഭവം സ്കൂളിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജൽ കുമാരി പട്ടേൽ പരാതിയിൽ പറഞ്ഞു. മെവാനി സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ അധ്യാപകർ കർശന നടപടിക്കൊരുങ്ങുകയാണെന്നും വിജൽ കുമാരി പറഞ്ഞു.