ദില്ലി: ഗുജറാത്തിലെ കൊവിഡ് മരണ നിരക്കില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്ത് മോഡല്‍ എന്താണെന്ന് വെളിപ്പെട്ടെന്ന് മരണനിരക്ക് ചൂണ്ടിക്കാട്ടി രാഹുല്‍ വിമര്‍ശിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് ഗുജറാത്തിലെ കൊവിഡ് മരണനിരക്ക്. ഗുജറാത്തില്‍ 6.25 ശതമാനമാണ് മരണ നിരക്ക്. മഹാരാഷ്ട്രയില്‍ 3.73 ശതമാനം, രാജസ്ഥാനില്‍ 2.32 ശതമാനം. പഞ്ചാബില്‍ 2.17 ശതമാനം, പുതുച്ചേരിയില്‍ 1.98 ശതമാനം, ജാര്‍ഖണ്ഡില്‍ 0.5ശതമാനം എന്നിങ്ങനെയാണ് മരണ നിരക്ക്. ഈ കണക്കില്‍ നിന്ന് ഗുജറാത്ത് മോഡല്‍ വെളിപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബിബിസിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം. അതേസമയം, മരണ നിരക്ക് ദേശീയ ശരാശരി 2.86 ശതമാനമാണെന്നിരിക്കെ 6.25 ശതമാനമാണ് ഗുജറാത്തില്‍. കഴിഞ്ഞ ഒരുമാസമായി പ്രതിദിനം ശരാശരി 400 കൊവിഡ് കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ 24,104 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1500 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തിലെ കൊവിഡ് കേസുകളില്‍ 75 ശതമാനവും അഹമ്മദാബാദിലാണ്.