Asianet News MalayalamAsianet News Malayalam

ഗുലാബ് ചുഴലിക്കാറ്റ്: വിശാഖപട്ടണം വിമാനത്താവളത്തിൽ വെള്ളക്കെട്ട്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ പൊതു അവധി

ആന്ധ്ര, ഹൈദരാബാദ് സർവ്വകലാശാലകൾ ബുധനാഴ്ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. തെലങ്കാനയിൽ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

Gulab cyclone Vishakhapatnam airport flooded Andhra hyderabad university exams postponed
Author
Hyderabad, First Published Sep 27, 2021, 10:24 PM IST

ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ വിശാഖപട്ടണം വിമാനത്താവളത്തിൽ വെള്ളക്കെട്ട്. ഇതേ തുടർന്ന് വിശാഖപട്ടണത്ത് നിന്നുള്ള വിമാനങ്ങൾ വൈകുമെന്ന് അറിയിപ്പുണ്ട്. ആന്ധ്ര, ഹൈദരാബാദ് സർവ്വകലാശാലകൾ ബുധനാഴ്ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. തെലങ്കാനയിൽ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് വലിയ നാശനഷ്ടം ഉണ്ടായത്. ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേർ ബോട്ട് തകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടാവിശഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഗൃഹനാഥന്‍ മരിച്ചു. 

മരങ്ങള്‍ വീണും മണ്ണിടിഞ്ഞും വിശാഖപട്ടണത്തടക്കം ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂണെയിലും  കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചു വിട്ടു. നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും 50000 പേരെ മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Follow Us:
Download App:
  • android
  • ios