Asianet News MalayalamAsianet News Malayalam

Gyanvapi Masjid Case : ഗ്യാൻവാപി കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചില്ല; ഹർജി നാളത്തേക്ക് മാറ്റി

നാളെ മൂന്നു മണിക്ക് ഹർജി പരിഗണിക്കും. വാരാണസി കോടതി അതുവരെ തുടർനടപടി സ്വീകരിക്കരുത് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
 

gyanvapi case not heard by supreme court today
Author
Delhi, First Published May 19, 2022, 11:19 AM IST

ദില്ലി: ഗ്യാൻവാപി മസ്ജിദിലെ സർവ്വെയ്ക്കെതിരായ ഹർജി പരി​ഗണിക്കുന്നത് സുപ്രീംകോടതി  നാളത്തേക്ക് മാറ്റി. നാളെ മൂന്നു മണിക്ക് ഹർജി പരിഗണിക്കും. വാരാണസി കോടതി അതുവരെ തുടർനടപടി സ്വീകരിക്കരുത് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഗ്യാൻവാപി സർവ്വെ റിപ്പോർട്ട് കോടതിയിൽ നല്കി. ഹിന്ദുവിഭാഗത്തിൻറെ അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിവച്ചത്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് വാരാണസി കോടതി നടപടികൾ തല്ക്കാലം സ്റ്റേ ചെയ്തു. 

സർവ്വെയിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാൻ കോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാൻ അനുവദിക്കേണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ പ്രാർത്ഥനയ്ക്ക് നിയന്ത്രണം പാടില്ലെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം കോടതി നല്കി. 

ഗ്യാൻവാപിയിലെ സർവ്വെക്കെതിരെ അൻജുമൻ ഇൻദ്സാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് സുപ്രീംകോടതിയിൽ ഇന്നു വന്നത്. പരാതിക്കാരായ ഹിന്ദു സ്ത്രീകളുടെ അഭിഭാഷകൻ ഇന്ന് ഹാജരാകാൻ അസൗകര്യം അറിയിച്ചു. കേസ് നാളത്തേയ്ക്ക് മാറ്റണം എന്നായിരുന്നു അപേക്ഷ. എന്നാൽ വാരാണസി കോടതിയിൽ കേസ് ഇന്ന് വരുന്നുണ്ടെന്നും ഉത്തരവിന് സാധ്യതയുണ്ടെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. നാളെ മൂന്നു മണിക്ക് കേസ് പരിഗണിക്കാം എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു. അതുവരെ വാരാണസി കോടതി ഒരു നടപടിയും സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

വാരാണസി കോടതിയിൽ സർവ്വെകമ്മീഷണർമാർ രാവിലെ റിപ്പോർട്ട് നല്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇക്കാര്യം പരിഗണിക്കാൻ നിശ്ചയിച്ചപ്പോഴാണ് സുപ്രീംകോടതി നിർദ്ദേശം വന്നത്. എഴുപത് പേജുള്ള റിപ്പോർട്ടാണ് കോടതിയിൽ എത്തിയത് എന്നാണ് സൂചന. ചില ഹിന്ദു ചിഹ്നങ്ങളും വിഗ്രഹ അവശിഷ്ടങ്ങളും കണ്ടെത്തി എന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പറയുന്നുണ്ട്. ശുദ്ധീകരണത്തിനുള്ള കുളത്തിലേതെന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നു. കനത്ത സുരക്ഷയോടെ അടച്ചു പൂട്ടിയ കുളത്തിലെ ദൃശ്യങ്ങൾ പുറത്തു വന്നതെങ്ങനെ എന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചിട്ടില്ല. തല്ക്കാലം ഗ്യാൻവാപി തർക്കം വാരാണസി കോടതിയിൽ നിന്ന് സുപ്രീംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലേക്ക് എത്തുകയാണ്. 

Follow Us:
Download App:
  • android
  • ios