സര്‍വെ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.
ദില്ലി: ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി അടുത്ത മാസം 3 വരെ നീട്ടി. വാദം പൂര്‍ത്തിയാക്കി അടുത്ത മാസം 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ല. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വെ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗ്യാൻവാപി പള്ളിയിൽ സർവേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്. സർവേയുടെ റിപ്പോർട്ട് അടുത്തമാസം നാലിന് സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇതിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രീം കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിച്ചു. തുടർന്ന് അടിയന്തരവാദം കേൾക്കുകയായിരുന്നു.
അപ്പീലിന് പോകാൻ സമയം നൽകാതെയാണ് നടപടിയെന്നും രാവിലെ ഏഴ് മണിക്ക് സർവേ തുടങ്ങിയെന്നും പള്ളി കമ്മറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് സ്റ്റേ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണി വരെ സർവേ കോടതി തടയുകയായിരുന്നു. ഇതിനുള്ളിൽ ജില്ലാ കോടതി ഉത്തരവിന് എതിരെ പള്ളി കമ്മറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ഉടനടി അപ്പീലിൽ തീരുമാനം എടുക്കണം എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
ഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയിൽ കോടതി വാദം കേൾക്കും
