നാ​ഗ്പൂർ: തൂവാല എന്നത് മിക്കവരെയും സംബന്ധിച്ച് ചെറിയൊരു തുണിക്കഷ്ണം മാത്രമായിരിക്കും. കളഞ്ഞുപോയാൽ അങ്ങ് പോട്ടെന്ന് വയ്ക്കും. അറിയാതെ റോഡിലെങ്ങാൻ വീണുപോയാൽ പോലും അത് ഉപേക്ഷിച്ച് കളയുന്നവരാകും മിക്കവരും. എന്നാൽ ഹർഷവർധൻ ജിതയെന്ന റെയിൽവേ ഉദ്യോ​ഗസ്ഥനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ തൂവാല വെറും തൂവാലയല്ല. അത് കാണാതെ പോയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഈ നാ​ഗ്പൂർ സ്വദേശി.

റെയില്‍വേയിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ തിങ്കളാഴ്ച ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ ഓഫീസില്‍ പോയതാണ് ഹര്‍ഷവര്‍ധന്‍. ഇവിടെ നിന്നും മടങ്ങുമ്പോഴാണ് കയ്യിലെ തൂവാല കാണാനില്ലെന്ന വിവരം അദ്ദേഹം ശ്രദ്ധിക്കുന്നത്. തൂവാല നഷ്ടമായെന്ന് വ്യക്തമായതോടെ ഹര്‍ഷവര്‍ധന്‍ സര്‍ദാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും, ആരെങ്കിലും അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. 

എന്നാൽ ഹർഷവധന്റെ പരാതി വെറുമൊരു തമാശയായിട്ടാണ് പൊലീസ് ഉദ്യോ​ഗസ്ഥർ കണ്ടത്. അതുകൊണ്ട് തന്നെ പരാതി രജിസ്റ്റർ ചെയ്യാൻ ആദ്യം അവർ‌ തയ്യാറായില്ല. എന്നാൽ പരാതി സ്വീകരിക്കാതെ താൻ സ്റ്റേഷൻ വിട്ടു പോകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പൊലീസ് ഉദ്യോ​ഗസ്ഥർ വെട്ടിലായി. അവസാനം പരാതി സ്വീകരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അദ്ദേഹം സ്റ്റേഷനിൽ നിന്ന് പോയത്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.