താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിക്ക് ദില്ലിയിൽ നൽകിയ സ്വീകരണത്തെ ഗാനരചയിതാവ് ജാവേദ് അക്തർ രൂക്ഷമായി വിമർശിച്ചു. 

ദില്ലി: താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിക്ക് ദില്ലിയിൽ നൽകിയ സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. നാണക്കേട് കൊണ്ട് തല കുനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുത്തഖിയുടെ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനം തുടരുന്നതിനിടെയാണ് ജാവേദ് അക്തറിന്‍റെ വിമർശനം.

2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു താലിബാൻ നേതാവ് ഇന്ത്യയിൽ നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്- "എല്ലാത്തരം ഭീകരർക്കെതിരെയും പ്രസംഗിക്കുന്നവർ ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാന്‍റെ പ്രതിനിധിക്ക് നൽകുന്ന ബഹുമാനവും സ്വീകരണവും കാണുമ്പോൾ ഞാൻ നാണംകെട്ട് തലതാഴ്ത്തുന്നു"- ജാവേദ് അക്തർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

മുത്തഖിക്ക് "ആദരപൂർവ്വമായ സ്വാഗതം" നൽകിയതിന് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക പഠന കേന്ദ്രങ്ങളിൽ ഒന്നായ ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള ദാറുൽ ഉലൂം ദയൂബന്ദിനെയും ജാവേദ് അക്തർ വിമർശിച്ചു- "പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന അവരുടെ 'ഇസ്ലാമിക ഹീറോ'ക്ക് ഇത്രയും ആദരവോടെയുള്ള സ്വീകരണം നൽകിയ ദയൂബന്ദിനെ ഓർത്ത് ലജ്ജിക്കുന്നു. എന്റെ ഇന്ത്യാക്കാരായ സഹോദരീ സഹോദരന്മാരെ !!! നമുക്കെന്താണ് സംഭവിക്കുന്നത്"- ജാവേദ് അക്തർ ചോദിച്ചു.

Scroll to load tweet…

താലിബാൻ നേതാവിന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കിൽ ഇളവ് നൽകാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ തീരുമാനമെടുത്തതോടെയാണ് താലിബാൻ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ എത്താൻ കഴിഞ്ഞത്. അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനം നടത്തിയപ്പോൾ വനിതാ മാധ്യമ പ്രവർത്തകരെ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു.

വിവാദം ആളിക്കത്തിയതോടെ, മുത്തഖി ഞായറാഴ്ച മറ്റൊരു വാർത്താ സമ്മേളനം നടത്തുകയും നിരവധി വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തു. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു- "പത്രസമ്മേളനത്തെ സംബന്ധിച്ചിടത്തോളം, ഇത് പെട്ടെന്നാണ് സംഘടിപ്പിച്ചത്. കുറച്ച് മാധ്യമപ്രവർത്തകരുടെ ഒരു ചെറിയ പട്ടിക തയ്യാറാക്കി. അത് സാങ്കേതികപരമായ ഒരു പ്രശ്‌നമായിരുന്നു," അദ്ദേഹം പറഞ്ഞു. പുരുഷന്മാരായാലും സ്ത്രീകളായാലും ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.