യുപി അടക്കം രാജ്യത്തുടനീളം ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാകണമെന്ന്... Read more

യുവതിയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും യുവതി മരിച്ചത് വേദനയുണ്ടാക്കുന്നുവെന്നും മായവതി പറഞ്ഞു. നിയമത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയമുണ്ടാകണമെന്നും തീരുമാനിച്ച സമയത്തുതന്നെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മായവതി പറഞ്ഞു. 

''ഉനാവോയില്‍ പീഡിപ്പിക്കപ്പെട്ട യുവതി ദില്ലിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവം വേദനയുണ്ടാക്കുന്നു. അവരുടെ വേദനയില്‍ ബിഎസ്പി ആ കുടുംബത്തിനൊപ്പം ചേരുന്നു. യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം'' - മായാവതി പറഞ്ഞു. 

''യുപി അടക്കം രാജ്യത്തുടനീളം ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ജനങ്ങള്‍ നിയമത്തെ ഭയക്കുന്ന അവസ്ഥ ഉണ്ടാക്കണം. മാത്രമല്ല, നിശ്ചയിച്ച സമയത്തുതന്നെ കുറ്റവാളികളെ സര്‍ക്കാര്‍ തൂക്കിലേറ്റണം. ശിക്ഷാ വിധികള്‍ കൃത്യമായി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരണം'' - മായാവതി കൂട്ടിച്ചേര്‍ത്തു. 

90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്ന് മെഡിക്കൽ ബോർഡ്‌ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയതായാണ് വിവരം. 

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ഉന്നാവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടിവരെ ലഖ്നൗവിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ദില്ലിയിലെ സഫ്ദ‍ര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേൺ ആൻഡ്‌ പ്ലാസ്റ്റിക്‌ സർജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി.

ഡോ ശലഭ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസിൽ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികൾ. ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്‍റെ വീട്ടിലെത്തിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ റായ് ബറേലി കോടതിയിൽ വിചാരണയ്ക്കായി പോകുമ്പോഴാണ് യുവതി വീണ്ടും ആക്രമിക്കപ്പെട്ടത്. കേസിൽ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം. യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് പിടിച്ചു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകൾ.