നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്.  

ദില്ലി: ഉത്തരാഖണ്ഡ് കോൺഗ്രസിലെ ( Uttarakhand Congress ) പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് ( Harish Rawat ) നല്‍കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു. രാഹുൽ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിലാണ് സമവായമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്. 

ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍റ് ദില്ലിക്ക് വിളിപ്പിച്ചത്. പാര്‍ട്ടി തന്നെ അവഗണിച്ചെന്നായിരുന്നു ഹരീഷ് റാവത്ത് തുറന്നടിച്ചത്. സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് പരാതി നൽകിയിട്ടും ഹൈക്കമാൻഡ് പരിഗണിച്ചില്ല. താൻ നടത്തിയ റാലിക്ക് സംസ്ഥാന നേതൃത്വത്തിന്റെ സഹകരണമുണ്ടായില്ലെന്ന പരാതിയും റാവത്ത് മുന്നോട്ട് വെച്ചിരുന്നു.