ദില്ലി: പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിലൂടെ പാകിസ്ഥാന്‍റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ന്യൂനപക്ഷങ്ങൾക്ക് എതിരായ പീഡനം സത്യമാണെന്ന് സംഭവം തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ വെള്ളിയാഴ്ചയാണ് കല്ലേറുണ്ടായത്. 

നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിനോട് സിഖ് മത വിശ്വാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന ആരോപണത്തിന്‍റെ പിന്തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചന. 

അതേസമയം ഗുരുദ്വാരക്ക് നേരയുണ്ടായ ആക്രമണത്തില്‍ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും കേട്ടില്ലെന്ന് ബിജെപി എംപി മീനാക്ഷി ലേഖി വിമര്‍ശിച്ചു. നവജ്യോത് സിങ് സിദ്ദു എങ്ങോട്ടാണ് ഒളിച്ചോടിയതെന്ന് അറിയില്ലെന്നും മീനാക്ഷി ലേഖി പരിഹസിച്ചു. എന്നാല്‍ ആക്രമണത്തെ അപലപിച്ച് രാഹുൽ ഗാന്ധി നേരത്തെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.

Read more:പാകിസ്ഥാനില്‍ ഗുരുദ്വാര വളഞ്ഞ് കല്ലേറും അക്രമവും; കുടുങ്ങി വിശ്വാസികള്‍, അപലപിച്ച് ഇന്ത്യ...