ഛണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമെല്ലോ എന്നാണ് ഖട്ടര്‍ പറഞ്ഞത്.

ഫത്തേബാദില്‍ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഖട്ടര്‍. പിന്നീട് 'ബേട്ടി ബച്ചാവോ ബോട്ടി പഥാവോ ക്യാമ്പയിന്‍റെ വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ ഖട്ടര്‍ പറഞ്ഞിങ്ങനെ: ''തന്‍റെ മരുമക്കളെ ബീഹാറില്‍ നിന്നാണ് കണ്ടെത്താനായതെന്ന് മന്ത്രിയായ ഒ പി ധാങ്കര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ കശ്മീരിലേക്കുള്ള റൂട്ടും ശരിയായതായി ജനങ്ങള്‍ പറയുന്നുണ്ട്. കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇനി കൊണ്ടു വരാമെന്നും ഖട്ടര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ജനനക്കുറവ് എന്നും ഹരിയാന അനുഭവിക്കുന്ന പ്രശ്നമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഥാവോ പദ്ധതി ആരംഭിച്ച ഷേഷം 1000 ആണ്‍കുട്ടികള്‍ക്ക് 850-933 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലേക്ക് കണക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇനി അത് 1000 എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ യുപിയിലെ ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു. ഇനി ആര്‍ക്കും വെളുത്ത കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെല്ലോ എന്നാണ് ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിംഗ് സെയ്നി പറഞ്ഞത്.

ബിജെപിയുടെ പാര്‍ട്ടി അണികള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നത് അതുകൊണ്ടാണെന്നും വിക്രം സിംഗ് പറഞ്ഞു. പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണ്, പ്രത്യേകിച്ചും വിവാഹതിരാകാത്ത യുവാക്കള്‍. അവര്‍ക്ക് കശ്മീരില്‍ നിന്ന് വിവാഹം ചെയ്യാമെന്നും വിക്രം സിംഗ് സെയ്നി പറഞ്ഞു.