ചണ്ഡീഗഡ്: ധാന്യകൃഷി നഷ്ടത്തിലായി ജീവനൊടുക്കേണ്ടിവന്ന കർഷകരുടെ കുടുംബം പിന്നീട് ക്ഷീര കർഷകരായി മാറുന്ന കാഴ്ചയാണ് ഹരിയാനയിൽ. നെല്ലും ഗോതമ്പും കൃഷി ചെയ്താലുണ്ടാകുന്ന കടക്കെണി ഭയന്നാണ് മിക്ക കര്‍ഷകരും വിത്തിറക്കാന്‍ ഭയക്കുന്നത്. നഷ്ടം വന്ന് ദുരിതത്തിലാവുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍

ഗോതമ്പ് കൃഷി ചെയ്ത് കടംകയറി ആത്മഹത്യ ചെയ്ത ബൽവാൻ സിംഗിന്‍റെ ഭാര്യ രേശ്വിയ്ക്ക് പറയാനുള്ളത് ദുരിതകഥ തന്നെ. ബൽവാൻ മരിക്കുമ്പോൾ നാലര ലക്ഷം രൂപയായിരുന്നു കടം.ആറു കുട്ടികളാണ് ഇവർക്കുള്ളത്. സ്വന്തമായി ആകെയുള്ള വീട് തകര്‍ന്നിരിക്കുന്നു.

ബന്ധു വീട്ടിലാണ് നരേശ്വിയും മക്കളും അന്തിയുറങ്ങുന്നത്. നെല്ലോ ഗോതമ്പോ കൃഷി ചെയ്യാനുള്ള ധൈര്യം ഇവര്‍ക്ക് ഇല്ലാതായി. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതായപ്പോള്‍ നാരേശ്വി എരുമകളെ വളര്‍ത്തിത്തുടങ്ങി.

ഒരു ലിറ്റർ എരുമപ്പാലിന് 60രൂപ വരെ കിട്ടും. ദിവസം ശരാശരി ആറോ ഏഴോ ലിറ്റര്‍ പാല് കിട്ടും. ഈ പാല് വിറ്റാല്‍ ചെറിയ വരുമാനം ഉറപ്പാണ്. നെല്ലോ ഗോതമ്പോ ആണേല്‍ കടം കയറുന്ന സ്ഥിതിയും. നെല്ലും ഗോതമ്പും കരിമ്പും ഒക്കെ കൃഷി ചെയ്ത് ജീവിക്കണം എന്ന് തന്നെയാണ് ഇവിടുത്തെ കര്‍ഷകരുടെ ആഗ്രഹം. പക്ഷേ കടബാധ്യതയില്‍ മുങ്ങിത്താഴുമ്പോള്‍ വേറെന്ത് ചെയ്യാന്‍.