'ലോകത്ത് ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും പ്രശ്നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോ'
ദില്ലി: ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ലോകത്ത് ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും പ്രശ്നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
'ജമ്മുകശ്മിനോട് ചെയ്ത ഏറ്റവും വലിയ ചതിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെക്കുറിച്ച് കശ്മീരില്‍ നിന്നുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ പ്രതികരിച്ചത്. അദ്ദേഹത്തെ പോലൊരു വ്യക്തി അങ്ങനെ ചിന്തിക്കുന്നെങ്കില്‍ കാശ്മീരിലെ സാധാരണക്കാര്‍ എങ്ങനെയാവും ചിന്തിക്കുന്നതെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നടപടികള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
