ലഖ്നൗ: ഹാഥ്റസിൽ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടി പ്രതികളിലൊരാളുമായി പ്രണയത്തിലായിരുന്നെന്ന ആരോപണം കുടുംബം നിഷേധിച്ചു. പെൺകുട്ടിയെ മാസങ്ങളായി സന്ദീപ് എന്ന പ്രതി ശല്യം ചെയ്യുകയായിരുന്നു എന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. കുട്ടിക്ക് സ്വന്തമായി ഫോണില്ല. അമ്മയും സഹോദരനും പെൺകുട്ടിയെ മർദ്ദിച്ചെന്ന പ്രതിയുടെ ആരോപണം തെറ്റാണെന്നും കുടുംബം പ്രതികരിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായാണ് അലിഗഡ് ജയിലില്‍ നിന്ന്  പ്രതികള്‍ യോഗി സര്‍ക്കാരിനും ഹാഥ്റസ് എസ് പിക്കും കത്തെഴുതിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും സംഭവം നടന്ന ദിവസം വയലില്‍ വച്ച് കണ്ടുമുട്ടിയ തന്നെയും പെണ്‍കുട്ടിയേയും  വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും പ്രതികളിലൊരാളായ സന്ദീപ് കത്തില്‍ പറയുന്നു. പെൺകുട്ടിയുടെ  സഹോദരന്‍റെ മര്‍ദ്ദനമാണ് മരണത്തിനിടയാക്കിയതെന്ന ആരോപണത്തോടെയാണ് കത്തവസാനിപ്പിക്കുന്നത്. സമാന വാദങ്ങളാണ് പ്രതികളുടെ അഭിഭാഷകരും മുന്നോട്ട് വെക്കുന്നത്. കാലങ്ങളായി വിരോധത്തില്‍ കഴിയുന്നയാളുടെ മകനുമായുള്ള പ്രണയം രക്ഷിതാക്കളെ പ്രകോപിപ്പിച്ചു. ദുരഭിമാനം മൂലം  പെണ്‍കുട്ടിയെ മർദ്ദിച്ചവശയാക്കി. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സമയം പ്രതികളിലൊരാള്‍ ഐസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അഭിഭാഷകര്‍ വാദിക്കുന്നു.