ദില്ലി: ഹാഥ്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് ലഖ്നൗവിലേക്ക് മാറ്റില്ല. ജില്ല ഭരണകൂടം നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച കുടുംബം അതിനാൽ യാത്ര നാളേയ്ക്ക് മാറ്റിവെച്ചെന്ന് വ്യക്തമാക്കി. രാവിലെ 10 മണിക്ക് തീരുമാനിച്ച യാത്ര ജില്ല ഭരണകൂടം 2 മണിക്കാക്കുകയായിരുന്നു. എന്നാൽ  യാത്ര വൈകിയതിനാൽ വരാനാകില്ലെന്ന് വ്യക്തമാക്കിയ കുടുംബം നാളെ പുലർച്ചെ അഞ്ച് മണിക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ദഹിപ്പിച്ചതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് സ്വമേധയാൽ എടുത്ത കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കുടുംബത്തെ ലക്നൌവിലേക്ക് മാറ്റുന്നത്. 

അതേ സമയം ഇടത് എംപിമാർ നടത്താനിരുന്ന ഹാഫ്റസ് സന്ദർശനം ജില്ലാ ഭരണകൂടം തടസപ്പെടുത്തിയെന്ന് എംപിമാർ ആരോപിച്ചു. ഉത്തർപ്രദേശ് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച എംപിമാർ നാളത്തെ കോടതി തീരുമാനം അറിഞ്ഞശേഷം ഇനി സന്ദർശനം വേണോയെന്ന് തീരുമാനിക്കുമെന്നും വ്യക്തമാക്കി. 

അതേ സമയം ഹാഥ്റസ് സംഭവത്തില്‍  സിബിഐ അന്വേഷണം തുടങ്ങി. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹാഥ്റസ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതായുള്ള വിജ്‍ഞാപനം കേന്ദ്രം ഇന്നലെ പുറത്തിറക്കി. കേസ് ഇന്ന് റജിസ്റ്റര്‍ ചെയ്തുവെന്നറിയിച്ച സിബിഐ രണ്ട് ദിവസത്തിനുളളില്‍ ഹാഥ്റസിലെത്തും. ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കുടംബത്തിന്‍റെ പരാതിയിലും, സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനോടകം നടന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പ്രത്യേക സംഘം സിബിഐക്ക് കൈമാറി.