ദില്ലി: യുപി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്ത്. 
കുടുംബത്തെ അറിയിക്കാതെ മൃതദേഹം പൊലീസ് കൊണ്ടുപോയെന്ന് ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എവിടേക്ക് കൊണ്ടുപോയി എന്നറിയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ഉള്ള ശ്രമമാണ് ഇതെന്നുമാണ് സഹോദരന്റെ ആരോപണം.

മൃതദേഹം തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. പ്രതികളെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ഉറപ്പ് നല്‍കും വരെ കുടുംബം പ്രതിഷേധം തുടരുമെന്നും അയാള്‍ പറഞ്ഞു. 

സംഭവത്തില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്കുള്ളില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിക്ക് പുറത്ത് 
കോണ്‍ഗ്രസും ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ആശുപത്രിക്കുള്ളില്‍ വന്‍ ജനക്കൂട്ടം പ്രതിഷേധം ഉയര്‍ത്തുകയാണ്. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.