ദില്ലി: ഹഥ്രാസ് കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണസംഘത്തിന് സമയം നീട്ടി നൽകി. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10 ദിവസമാണ് നീട്ടി നല്കിയത്. ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നേരത്തെ നൽകിയ നിർദ്ദേശം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് സമയം നീട്ടി നൽകിയത്. അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു.

പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ ബന്ധുക്കളെ ഉൾപ്പടെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചന. ഇവരിൽ നിന്ന് വിശദമായി മൊഴിയെടുത്തേക്കും. ഈ കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. അതിനിടെയും പ്രത്യേക അന്വേഷണസംഘം തങ്ങളുടെ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. കേസ് സിബിഐക്ക് വിടുകയാണെങ്കിൽ പിന്നെന്തിനാണ് പ്രത്യേക അന്വേഷണസംഘം നടപടികൾ തുടരുന്നതെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി ചോദിച്ചിരുന്നു.