ദില്ലി: ഹാഥ്റസിലെ പത്തൊൻപതുകാരിയുടെ ബലാത്സംഗക്കൊലപാതക കേസിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവം  ഞെട്ടിച്ചുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഞെട്ടിക്കുന്ന സംഭവമായതുകൊണ്ടാണ് കേസ് അടിയന്തിരമായി പരിഗണിച്ചതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും ഉറപ്പാക്കും. മുതിര്‍ന്ന അഭിഭാഷകന്‍റെ സേവനം ആവശ്യമെങ്കിൽ പേര് നിര്‍ദ്ദേശിച്ചാൽ അതും പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും നൽകുന്ന സുരക്ഷയെ കുറിച്ച് യു.പി സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും നൽകുന്ന സുരക്ഷ എന്തൊക്കെ എന്ന് ഒരാഴ്ചക്കുള്ളിൽ വ്യക്തമാക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണമോ, എസ്.ഐ.ടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്.  കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവാമെന്ന നിലപാടാണ് യു.പി സര്‍ക്കാര്‍ കോടതിയിൽ കൈക്കൊണ്ടത്. 

തുടര്‍ന്ന് വായിക്കാം: മൃതദേഹം സംസ്കരിക്കാൻ അനുമതി കൊടുത്തെന്ന യുപി സർക്കാർ വാദം പച്ചക്കള്ളം: ഹാഥ്റസ് യുവതിയുടെ കുടുംബം...
പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചത് വലിയ അക്രമങ്ങൾ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നുവെന്ന് യു.പി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത വിശദീകരിച്ചു. ബോധപൂര്‍വ്വം ചിലര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. അക്രമം ഉണ്ടാക്കാനുള്ള ശ്രമമാണ് ഹാഥ്റസിൽ നടന്നത്. കേസ് വിവാദമാക്കുകയല്ല, ബലാൽസംഗം നടന്നതിന് തെളിവില്ലെന്നും ഫോറൻസിസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി യുപി സർക്കാർ വിശദീകരിച്ചു. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ച കോടതി നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാൻ യു.പി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: ഹാഥ്റസ് പ്രതിഷേധങ്ങൾക്കെതിരെ നടപടിയുമായി യുപി പൊലീസ്; സിദ്ദിഖ് കാപ്പനെ കോടതിയിൽ ഹാജരാക്കും...