ലഖ്നൌ: ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് നൽകിയേക്കും. അന്വേഷണം പൂര്‍ത്തിയായതായി ഇന്നലെ
എസ്ഐടി അറിയിച്ചിരുന്നു.

പ്രതികളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത അന്വേഷണസംഘം ഹാഥ്റസിലെ നാല്പതിലധികം ഗ്രാമീണരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.  പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് സിബിഐ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയക്കും. 

സുരക്ഷാ ഭീഷണിയുള്ളതിനാൽഹാഥ്റസിൽ നിന്ന് ദില്ലിയിലേക്ക് താമസം മാറാൻ സഹായിക്കണമെന്നും കേസിന്റെ വിചാരണ ദില്ലിക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.  അന്വേഷണ റിപ്പോർട് യു പി കോടതിയിൽ നൽകാതെ സിബിഐ സുപ്രീംകോടതിയിൽ നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണ മേൽനോട്ടത്തിന് റിട്ട സുപ്രീംകോടതിയെ ജഡ്ജിയെ നിയമിക്കാനുള്ള സാധ്യതയും ഉണ്ട്. അന്വേഷണം കോടതിമേൽനോട്ടത്തിൽ നടത്തണമെന്നാണ് ഇപ്പോൾ യുപി സർക്കാരിന്റെയും ആവശ്യം. ഈ കേസിലെ ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും.