മുംബൈ: കൊവിഡാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് മുങ്ങിയ 28കാരനെ കാമുകിയ്‌ക്കൊപ്പം കയ്യോടെ പിടികൂടി. ജൂലൈ മുതലാണ് നവി മുംബൈ സ്വദേശിയായ ആളെ കാണാതായത്. ഭാര്യയെ ഫോണ്‍ ചെയ്ത് തനിക്ക് കൊവിഡ് ആണെന്ന് ഇയാള്‍ അറിയിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഇയാളെ കാമുകിക്കൊപ്പം പൊലീസ് പിടികൂടുകയായിരിന്നു.

ജൂലൈ 24നാണ് ഇയാള്‍ ഭാര്യയെ വിളിച്ചത്. '' എന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. എനിക്ക് ഇനി കൂടുതല്‍ ജീവിതമില്ല'' - ഭാര്യ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും മുമ്പ് ഇത്രയും പറഞ്ഞ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തു. 

ഉടന്‍ ഭാര്യ തന്റെ സഹോദരനെ വിളിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. വാഷി സെക്ടറിലെ റോഡിന് സമീപം ഇയാളുടെ ബൈക്ക്, ഹെല്‍മെറ്റ്, ബാഗ്, താക്കോലുകള്‍ എന്നിവ കണ്ടെത്തി. എന്നാല്‍ ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. 

സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യുകയും ചെയ്ത പൊലീസ് ഇയാളെ കാണാതായ ദിവസം രണ്ട് തവണ ഇയാള്‍ 100 ല്‍ വിളിച്ചിണ്ടെന്ന് വ്യക്തമായി. ഇതോടെ കേസ് ശത്രുതയോ, തട്ടിക്കൊണ്ടുപോകലോ നടന്നതാാമെന്ന രീതിയിലേക്ക് മാറി. 

അന്വേഷണം ഊര്‍ജ്ജിതമാക്കിയ ഘട്ടത്തില്‍ ഇയാളുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഒരു മാസമായി നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാള്‍ ഇന്‍ഡോറിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കാമുകിക്കൊപ്പം ഇന്‍ഡോറില്‍ നിന്ന് പൊലീസ് പിടികൂടി. സെപ്തംബര്‍ 15ന് ഇയാളെ മുംബൈയില്‍ എത്തിച്ചു.